കണ്ണൂർ : ജില്ലയിൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ തീർപ്പാക്കാനുള്ളത് 957 കേസുകൾ. 2019 മുതലുള്ളതാണ് ഇവയിൽ ഭൂരിഭാഗവും. 2019 ലെ ഉപഭോക്തൃ നിയമ പ്രകാരം ചരക്കുകളുടെ വിശകലനമോ പരിശോധനയോ ആവശ്യമില്ലാത്ത പരാതിയിൽ എതിർ കക്ഷിക്ക് നോട്ടീസ് ലഭ്യമായ തീയതി മുതൽ മൂന്ന് മാസത്തെ കാലയളവിനുള്ളിൽ പരാതി തീർപ്പാക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെയാണ് ഈ അവസ്ഥ.
ചരക്കുകളുടെ വിശകലനമോ പരിശോധനയോ ആവശ്യമുള്ള പരാതികളിൽ തന്നെ അഞ്ച് മാസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. ഓരോ പരാതിയും കഴിയുന്നത്ര വേഗത്തിൽ തീർപ്പാക്കണമെന്നും നിയമത്തിൽ പറയുന്നു.എന്നാൽ ഈ സമയപരിധി പാലിക്കാനാകുന്നില്ലെന്നതാണ് കണ്ണൂരിൽ നിന്ന് മാത്രമുള്ള കണക്കെടുത്താൽ ബോദ്ധ്യപ്പെടുന്നത്.
കണ്ണൂർ ജില്ലയിൽ 2022 മുതൽ കേസുകളിൽ വലിയ വർദ്ധനവുണ്ട് . മൂന്ന് കേസുകൾ മാത്രമാണ് 2018ലുണ്ടായിരുന്നതെങ്കിൽ ഈ വർഷം 583 പരാതികളാണ് തീർപ്പാക്കാനുള്ളത്.കൺസ്യൂമർ അവകാശങ്ങളെ കുറിച്ച് ജനം കൂടുതൽ ബോധവാന്മാരായതും ഓൺലൈനായി പരാതി നൽകാനുള്ള അവസരം ലഭിച്ചതുമാണ് കേസുകൾ വർദ്ധിക്കുന്നതിന് പിന്നിൽ.
കൂടുതലും ഇൻഷ്വറൻസ് കേസുകൾ
ഇൻഷ്വറൻസുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ലയിൽ ഏറ്റവുമധികം എത്തുന്നത്. ഇതിൽ ക്യാഷ്ലെസ് ക്ലെയ്മുമായാണ് കൂടുതലും പരാതികൾ. വാഹനങ്ങളുമായി ബന്ധപ്പെട്ട മാന്യുഫാക്ച്ചറിംഗ് ഡിഫക്റ്റിന്റെ പരാതികളും നിരവധിയാണ്. ഇലകട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികളുണ്ട്. ബാറ്ററി കംപ്ലയിന്റ്, മൈലേജ് കുറവ്, തുടങ്ങിയ പരാതികളും എത്തുന്നുണ്ട് .
കെട്ടിടങ്ങളുടേയും മറ്റും നിർമ്മാണ കമ്പനികളുമായി ബന്ധപ്പെട്ട പരാതികളും കുറവല്ല. കരാർ പ്രവൃത്തികൾ പൂർത്തിയാക്കാത്തതും പ്രവൃത്തിയുടെ ഗുണമേന്മക്കുറവും ഗുണമേന്മയില്ലാത്ത നിർമ്മണ സാധനങ്ങൾ ഉപയോഗിച്ചതുമൊക്കെയായും നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട് നിരവധി പരാതികളുണ്ട്.
കേസ് തീർപ്പാക്കുന്നതിൽ നാലാംസ്ഥാനം
ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെയുള്ള ദേശീയ തലത്തിലുള്ള കണക്കുകൾ വിലയിരുത്തുമ്പോൾ കേസുകൾ തീർപ്പാക്കുന്നതിൽ കേരളം നാലാം സ്ഥാനത്താണ്.
ജില്ലാ കമ്മിഷൻ പ്രവർത്തനം
ഒരു കോടി രൂപയിൽ കവിയാത്ത പരാതികൾ ജില്ലാ കമ്മിഷൻ പരിഗണിക്കും. ഉപയോക്താവിനു നേരിട്ട് ഇവിടെ പരാതി നൽകാം, കേസ് വാദിക്കാം. സൗജന്യ സേവനം നൽകുന്ന അഭിഭാഷകരെ സമീപിക്കും.പരാതി സമർപ്പിച്ചാൽ 21 ദിവസത്തിനകം സ്വീകാര്യത സംബന്ധിച്ച് കമ്മിഷൻ ഒന്നും അറിയിച്ചിട്ടില്ലെങ്കിൽ പരാതി സ്വീകരിച്ചതായി കണക്കാക്കാം. പരാതികളിൽ കഴിവതും വേഗം എതിർകക്ഷിക്കു നോട്ടിസ് അയയ്ക്കാനും പരാതി തീർപ്പാക്കാനും കമ്മിഷന് ഉത്തരവാദിത്തമുണ്ട്.
ജില്ലയിൽ തീർപ്പാക്കാനുള്ള കേസുകൾ
2025 - 583
2024 - 291
2023 -58
2022 -5
2021 - 1
2020 - 1
2019 - 1
2018 - 3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |