വിതുര: വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയിൽ പെരുമഴക്കാലം.ഒരാഴ്ചയായി നാട്ടിൻപുറത്തെ അപേക്ഷിച്ച് പൊൻമുടി മേഖലയിൽ മഴ കനത്തു പെയ്യുകയാണ്.ബോണക്കാട്,കല്ലാർ,പേപ്പാറ മേഖലകളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. നദികളിലെ നീരൊഴുക്കും ഉയർന്നു.ഡാമുകളിലെ നീരൊഴുക്കും വർദ്ധിച്ചു. ഈ സ്ഥിതിതുടർന്നാൽ പൊൻമുടി വീണ്ടും അടച്ചേക്കും. മഴയുടെ തീവ്രത കൂടിയതോടെ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് എസ്റ്റേറ്റ് തൊഴിലാളികൾ പറഞ്ഞു. അതേസമയം പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഇന്നലെയും നൂറുകണക്കിന് സഞ്ചാരികൾ പൊൻമുടിയിലെത്തി.ഒരാഴ്ചമുൻപ് കല്ലാർ മീൻമുട്ടിവെള്ളച്ചാട്ടം മഴയെ തുടർന്ന് അടച്ചിട്ടിരുന്നെങ്കിലും വീണ്ടും തുറന്നു. കാട്ടുമൃഗശല്യവും വർദ്ധിച്ചിട്ടുണ്ട്.പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഈ മാസം രണ്ട് തവണയാണ് പൊൻമുടി അടച്ചിട്ടത്. മഴയെ തുടർന്ന് പൊൻമുടി റോഡിൽ മണ്ണിടിച്ചിലുമുണ്ടായി.
കൊടും തണിപ്പിന്റെ പിടിയിൽ
മഴ ശക്തി പ്രാപിച്ചതോടെ പൊൻമുടി മൂടൽമഞ്ഞിന്റെ പിടിയിലാണ്.അസഹ്യമായ തണുപ്പും.പകൽ സമയത്തുപോലും ഇരുൾ പടർന്ന്,പരസ്പരം കാണാൻ പറ്റാത്ത അവസ്ഥയാണ്. മാത്രമല്ല കല്ലാർ മുതൽ പൊൻമുടി വരെ ലൈറ്റ് തെളിച്ച് വാഹനങ്ങൾ ഓടിക്കേണ്ട സ്ഥിതിയാണ് നിലവിൽ.
ആനക്കൂട്ടവും
പൊൻമുടി റൂട്ടിൽ നാലാംവളവിന് സമീപം കാട്ടനക്കൂട്ടമിറങ്ങി ഭീതിപരത്തി.കുട്ടിയാനയടക്കം മൂന്ന് ആനകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.നടുറോഡിലാണ് അന്തിയുറക്കം.പുലർച്ചെ ബസ് ഹോൺ മുഴക്കുമ്പോഴാണ് വനത്തിലേക്ക് കയറുന്നത്.പൊൻമുടി അടച്ചതോടെയാണ് ആനകൾ ഇവിടേക്കെത്തിയത്.പരിസരത്ത് നിൽക്കുന്ന ഒലട്ടിമരത്തിലെ ഇലകൾ തിന്നുവാനാണ് ആനകളെത്തുന്നത്.
മരം കടപുഴകി
ഇന്നലെ രാവിലെ പെയ്ത കനത്തമഴയിൽ വിതുര ജനമൈത്രി പൊലീസ് സ്റ്റേഷന് മുന്നിലുള്ള മരം ഒടിഞ്ഞ് വീണു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് വീണത്. ആളപായമില്ല.വിതുര ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |