ശബരിമല: രണ്ടു ദിവസമായി സന്നിധാനത്ത് അനുഭവപ്പെട്ട തീർത്ഥാടക തിരക്കിന് ഇന്നലെ ശമനമുണ്ടായി. പുലർച്ചെ നടതുറന്നപ്പോൾ അനുഭവപ്പെട്ട തിരക്ക് രാവിലെ 10.30ന് നിയന്ത്രണ വിധേയമായി. നടതുറന്ന 17നും തുലാം ഒന്നായ 18നും സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. നടതുറന്ന 17ന് 30000വും 18ന് 50000 ഇന്നലെ 31000പേരുമാണ് വെർച്വൽ ക്യൂവഴി ബുക്കിംഗ് നടത്തിയിരുന്നത്. എന്നാൽ ആദ്യ രണ്ടു ദിനവും 50000ത്തിലധികം തീർത്ഥാടകർ സന്നിധാനത്തെത്തി. തിരക്ക് നിയന്ത്രണത്തിനും പതിനെട്ടാംപടിയിലും മതിയായ എണ്ണം പൊലീസ് ഇല്ലാതിരുന്നതാണ് മണിക്കൂറുകൾ ഭക്തർക്ക് ക്യൂ നിൽക്കേണ്ടി വന്നതിന് കാരണം. തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഇടപെട്ട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്. രാഷ്ട്രപതി യുടെ സന്ദർശനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന അഭ്യൂഹം പരന്നതോടെ 21വരെ ബുക്കിംഗ് നടത്തിയവർ സന്നിധാനത്തേക്ക് നേരത്തെ എത്തിയതും തിരക്കിനിടയാക്കി. . 22നാണ് ശബരിമലയിൽ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു എത്തുന്നത്. രാഷ്ട്രപതിക്കൊപ്പം കേരള ഗവർണർ രജേന്ദ്ര അർലേക്കറും ഭാര്യയും കെട്ടുമുറുക്കി ശബരിമലയിൽ ദർശനം നടത്തും.
ഉണ്ണിയപ്പം തീർന്നു
ശബരിമലയിലെ പ്രധാന പ്രസാദങ്ങളിലൊന്നായ ഉണ്ണിയപ്പം തീർന്നത് ഭക്തരുടെ പ്രതിഷേധത്തിന് കാരണമായി. ഇന്നലെ രാവിലെയാണ് ഉണ്ണിയപ്പത്തിന് ക്ഷാമം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് ഉണ്ണിയപ്പ കൗണ്ടറിന് മുന്നിൽ വലിയ ക്യൂ അനുഭവപ്പെട്ടു. തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ വിഷയത്തിൽ ഇടപെട്ടു. കൂടുതൽ ഉണ്ണിയപ്പം തയ്യാറാക്കി നിശ്ചിത എണ്ണം വീതം ഭക്തർക്ക് നൽകി പ്രശ്നം പരിഹരിച്ചു. തുലാമാസ പൂജകൾക്കുശേഷം അരവണ നിർമ്മാണം ആരംഭിക്കും. തീർത്ഥാടക കാലത്തേക്കുള്ള കരുതൽ ശേഖരമായിട്ടാണ് അരവണ നിർമ്മിക്കുന്നത്.
നട തുറന്ന ആദ്യ രണ്ടു ദിനങ്ങളിൽ അരവണയ്ക്കൊപ്പം ഉണ്ണിയപ്പവും ഭക്തർ കൂടുതൽ വാങ്ങിയിരുന്നു. ഉണ്ണിയപ്പം കരുതൽ ശേഖരമായി ദേവസ്വം ബോർഡ് നിർമ്മിക്കാറില്ല. ഉണ്ണിയപ്പം പെട്ടെന്ന് കേടാകും എന്നതിനാലാണിത്.
ദേവസ്വം ബോർഡ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |