കഴിഞ്ഞ ദിവസം സുഹൃത്തിന് ഒരു അപകടമുണ്ടായി. ഒരുകല്യാണത്തിന് പോയതാണ്. സദ്യയ്ക്ക് ഒാഡിറ്റോറിയത്തിന്റെ ഷട്ടർ തുറന്നപ്പോൾ ഉന്തിത്തള്ളിക്കയറിയതാണ്. വീണുപോയി. പിന്നാലെ വന്നവർ ആ സാധുവിനെ ചവിട്ടിക്കൂട്ടി സീറ്റുപിടിക്കാൻ പരക്കംപാഞ്ഞു. സാധു സദ്യ കഴിച്ചില്ല. പക്ഷേ ആയുർവേദാശുപത്രിയിലെത്തി കിഴിപിടിച്ചു. കല്യാണസദ്യയ്ക്ക് ഒാഡിറ്റോറിയം തുറക്കുമ്പോഴാകും ഇനി അടുത്ത ദുരന്തം കേരളത്തിൽ സംഭവിക്കുക.
കല്യാണത്തിന് മൂക്കുമുട്ടെക്കഴിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയവർ ആ കർമ്മത്തിന്റെ ഫലം അനുഭവിച്ചേ പറ്റു. തിക്കിനും തിരക്കിനുമിടയിൽ കുത്തും ചവിട്ടും കിട്ടിയെന്നിരിക്കും. ഉടുമുണ്ട് ഉരിഞ്ഞുപോയെന്നിരിക്കും. തെറിവിളി കേട്ടെന്നിരിക്കും. എല്ലാം സഹിക്കാനും ക്ഷമിക്കാനും മനസുവേണം. കാലം പുരോഗമിച്ചിട്ടും കല്യാണ ഒാഡിറ്റോറിയത്തിൽ ഭക്ഷണം കഴിക്കാനുള്ള അടികലശലിനു മാത്രം മാറ്റമില്ല. മര്യാദയില്ലാതെ മനുഷ്യർ ഉന്തിലും തള്ളിലും ജയിച്ച് ആദ്യം സീറ്റ് പിടിക്കുകയും അക്രാന്തത്തോടെ വെട്ടിവിഴുങ്ങുകയും ചെയ്യുന്ന സ്ഥലമാണ് ഒാഡിറ്റോറിയം.
കല്യാണനേരത്ത് മാന്യനും മര്യാദക്കാരനുമായി പരസ്പരം പല്ലിളിച്ചുകാട്ടിയവർ ഭക്ഷണനേരത്ത് ശുദ്ധ അലമ്പാകും. കളക്ടറും കാട്ടുകള്ളനും അവിടെ തുല്യരാണ്. ഇടിച്ചുകയറിയാലേ വല്ലതും കിട്ടു.
കല്യാണത്തിന്റെ പൊങ്ങച്ചംകാട്ടാൻ വീട്ടുകാർ നാടടക്കം ക്ഷണിക്കുന്നതുകൊണ്ട് സംഭവിക്കുന്ന ദുരന്തമാണിത്. വീട്ടുകാരും ബന്ധുക്കളും അടുപ്പക്കാരും ചേർന്ന് മംഗളമായി നടത്തേണ്ട ചടങ്ങിലേക്ക് മുഖപരിചയമുള്ള സകലരേയും ക്ഷണിച്ച് ആളേക്കൂട്ടും.ആളുകൂടുന്നതിന് അനുസരിച്ച് കുടുംബ മഹിമയും കൂടുമെന്നാണ് വിശ്വാസം. കെട്ടുതാലി പെണ്ണിന്റെ കഴുത്തിൽ വീണാലുടൻ ആൾക്കൂട്ടം ഒാഡിറ്റോറിയത്തിലേക്ക് ഒാടും. തലേദിവസമേ പായും തലയണയും കല്യാണക്കുറിയുമായി വന്ന് വരാന്തയിൽ സ്ഥലം പിടിച്ചവർ അപ്പോൾ അവിടെയുണ്ടാകും. മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറക്കുംപോലെ ഒാഡീറ്റോറിയത്തിലെ പയ്യൻ ഷട്ടർ തുറന്ന് ജീവനുംകൊണ്ടോടും. കുതിച്ചുപാഞ്ഞുവരുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽപ്പെട്ടാൽ പൊടിപോലും കിട്ടില്ലെന്ന് പയ്യനറിയാം. കാലംമാറിയിട്ടും കല്യാണ ഒാഡിറ്രോറിയത്തിലെ തള്ളിക്കയറ്റത്തിന് മാറ്റമില്ല. കാശുംപത്രാസും കൂടിയപ്പോൾ കല്യാണം ആൾക്കൂട്ടമാക്കണമെന്നായി.
പണ്ട് നാലും മൂന്നും ഏഴുപേർ കൂടിയിരുന്ന് ഉറപ്പിച്ച കല്യാണ നിശ്ചയം ഇന്ന് മിനി കല്യാണമായി മാറി . പിന്നെ കല്യാണത്തിന്റെ കാര്യം പറയണോ. എ.സി. ഒാഡിറ്റോറിയവും ഇവന്റ് മാനേജ് മെന്റും കോട്ടിട്ട വിളമ്പുകാരും വന്നു. നല്ലകാര്യം. പക്ഷേ ക്ഷണിച്ചുവരുത്തുന്നവർക്ക് തല്ലുകൂടാതെ രണ്ടുവറ്റ് കഴിക്കാൻ എന്താണ് വഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |