കുട്ടനാട്: നീലമ്പേരൂർ കൃഷിഭവന് കീഴിലെ 109 ഹെക്ടർ വരുന്ന നാരകത്ര കിളിയങ്കാവ് വടക്ക് പാടശേഖരത്തിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇൻഷുറൻസ് പരിരക്ഷ വൈകുന്നത് കർഷകരുടെ ഉറക്കം കെടുത്തുന്നു.
വിത കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കണ മെന്നാണ് നിയമം. അത് അനുസരിച്ച് വിത ആരംഭിച്ച ജൂൺ 21ന് തന്നെ മുഴുവൻ കർഷകരുടെയും ഇൻഷുറൻസ് സംബന്ധമായ രേഖകളെല്ലാം റെഡിയാക്കി
കൃഷി ഭവനിൽ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, യഥാസമയം നടപടികൾ പൂർത്തിയാക്കാൻ കൂട്ടാക്കാതിരുന്ന കൃഷി അസിസ്റ്റൻ്റ് വിത തീയതി ജൂലായ് ഏഴിലേക്ക് മാറ്റാൻ നിർബന്ധിക്കുകയായിരുന്നു. ആദ്യം വഴങ്ങിയില്ലെങ്കിലും ഒടുവിൽ പാടശേഖര സമിതി അതിന് സമ്മതിക്കേണ്ടിവന്നു. എന്നിട്ടും 124 ഓളം വരുന്ന കർഷകരിൽ 79 പേരുടെ ഇൻഷുറൻസ് നടപടികൾ മാത്രമാണ് പൂർത്തിയാക്കാനായത്.തുടർന്ന് എ.ഡി.എയുടെ നിർദ്ദേശാനുസരണം വിതതീയതി 21ആക്കി തിരുത്തി നൽകിയിട്ടും കൃഷി അസിസ്റ്റന്റ് ഇൻഷുറൻസ് നടപടികൾ നീട്ടിക്കൊണ്ടുപോയതായി പാടശേഖര സമിതി ഭാരവാഹികൾ പറയുന്നു.
കൃഷിഭവൻ ജീവനക്കാരുടെ അനാസ്ഥ
1.പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ കർഷകർ സമരത്തിന് ഒരുങ്ങിയതോടെയാണ് വിത തീയതി ഓഗസ്റ്റ് ഒന്നാക്കി 87ാം ദിവസം ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയതായി വരുത്തി തീർത്തത്
2.വിത തീയതിയിൽ നാലോ,അഞ്ചോ ദിവസത്തിന്റെ വ്യത്യാസമുണ്ടായാൽ പോലും ഇൻഷുറൻസ് ആനൂകൂല്യം നഷ്ടപ്പെടാറാണ് പതിവ്.അതുകൊണ്ടുതന്നെ തങ്ങൾക്ക് എന്തെങ്കിലും ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും കർഷകർക്ക് ഇല്ല
3.ഏതെങ്കിലും കാരണത്താൽ കാലാവസ്ഥ പ്രതികൂലമാകുകയോ, വിളവെടുപ്പ് തടസപ്പെട്ട് നെല്ല് നശിക്കുകയോ ചെയ്താൽ ഇൻഷുറൻസ് തുക ലഭിക്കാതെ വരികയും ഇത് ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമാകുകയും ചെയ്യും
ഇൻഷുറൻസ് നടപടികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം വിജിലൻസിനെയും കോടതിയെയും സമീപിക്കും
-ജെ. ഗോപിദാസ്, പ്രസിഡന്റ്
കെ.ഗോപകുമാർ,സെക്രട്ടറി
പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |