പാലക്കാട്: നഗരസഭയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഒലവക്കോട്ടെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാകുന്നു. മഹാമാരിക്കാലത്ത് നിർമ്മാണം നിലച്ചുപോയ കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞ മേയ് മാസത്തിലാണ് പുനരാരംഭിച്ചത്. പാലക്കാട് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് നാല് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്ന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ നൽകിയ 20 കോടി രൂപയിൽ നിന്നുമാണ് ഒലവക്കോട് കംഫർട്ട് സ്റ്റേഷന്റേത് ഉൾപ്പെടെയുള്ള നഗരസഭയിലെ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന ഒലവക്കോട് കംഫർട്ട് സ്റ്റേഷൻ വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അയൽ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഒലവക്കോട് ജംഗ്ഷനിൽ കൺഫർട്ട് സ്റ്റേഷനില്ലാത്തത് യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം തീർത്തിരുന്നു. പ്രവർത്തികളെല്ലാം പൂർത്തിയാക്കി ജനുവരിയോടെ തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 2019 ഒക്ടോബറിലാണ് ഒലവക്കോട് കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം നടന്നത്. എന്നാൽ കൊവിഡ് കാലത്ത് ഫണ്ടുകൾ സർക്കാർ വെട്ടിച്ചുരുക്കിയതോടെ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം ചുവപ്പുനാടയിലാവുകയായിരുന്നു. ഫോറസ്റ്റ് ഇൻഡസ്ട്രിയൽ ട്രാവൻകൂർ ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണ ചുമതല. ബഹുനില കെട്ടിടത്തിന്റ താഴത്തെ നിലയിൽ ഗ്രാനൈറ്റ് പതിക്കുന്നതും വാതിലുകൾ ഘടിപ്പിക്കുന്നതും ലിഫ്റ്റിന്റെയും പ്രവർത്തികളാണ് പൂർത്തിയാക്കാനുള്ളത്. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കായുള്ള ശുചിമുറികളും മുകളിലത്തെ രണ്ടു നിലകളിൽ താമസിക്കുന്നതിനായുള്ള മുപ്പതോളം മുറികളും പതിനഞ്ചോളം ശുചിമുറികളും താഴത്തെ നിലയിൽ കാന്റീനും ഉൾപ്പെടുന്നതാണ് കംഫർട്ട് സ്റ്റേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |