പ്രമാടം : പ്രമാടം കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിനായി അച്ചൻകോവിലാറ്റിലെ വ്യാഴിക്കടവിൽ പുതിയ തടയണ നിർമ്മിക്കുന്നതിന് ശാസ്ത്രീയ പഠനം നടത്തും. റിവർ മാനേജ്മെന്റ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വിദഗ്ദ്ധ സംഘം പഠനം നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി തുടർ നടപടികൾ ആരംഭിക്കും. വ്യാഴിക്കടവിൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയാണ് തടയണയ്ക്കുള്ള സ്ഥലം . ഇപ്പോൾ മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് പമ്പിംഗ് നടത്തുന്നത്. വ്യാഴിയിൽ തടയണ നിർമ്മിക്കുന്നതോടെ ഇവിടെ നിന്നുകൂടി പമ്പിംഗ് നടത്തി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണ് പ്രമാടം. അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കാറില്ല. ഇതേത്തുടർന്നാണ് വ്യാഴിക്കടവിൽ തടയണ നിർമ്മിച്ച് പമ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ ഫണ്ട് അനുവദിച്ചത്. ഇതിനൊപ്പം നാല് സ്ഥലങ്ങളിൽ പുതിയ വാട്ടർ ടാങ്കുകളും നിർമ്മിക്കും.
തടയണ നിർമ്മാണം വൈകുന്നത് പ്രമാടം കുടിവെള്ള വികസന പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പദ്ധതി വിപുലീകരണത്തിന് കോടികൾ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമികമായി നിർമ്മിക്കേണ്ട തടയണ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. ഇതേത്തുടർന്ന് 102.8 കോടി രൂപയുടെ പദ്ധതി അനന്തമായി നീളുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
സമ്പൂർണ കുടിവെള്ള പദ്ധതി ലക്ഷ്യം
വ്യാഴിക്കടവിൽ തടയണയും കിണറും നിർമ്മിച്ച ശേഷം പ്രമാടം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ജല അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി തടയണ നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം ഒരു വർഷം മുമ്പ് കണ്ടെത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ അനന്തമായി നീളുകയായിരുന്നു. മഴക്കാലത്തും ജല അതോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികജാതി സങ്കേതങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.
102.8 കോടി രൂപയുടെ പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |