കോഴഞ്ചേരി: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുമ്പ് പുതമൺ പാലം പൂർത്തിയാകില്ല. കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ ഇനിയും വൈകും. തീർത്ഥാടനത്തിന് മുമ്പ് പാലം തുറന്നുകൊടുക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞത്. റാന്നി- കോഴഞ്ചേരി- ഏരുമേലി റോഡിൽ പെരുന്തോടിന് കുറുകെയാണ് പാലം.നിരവധി ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന വഴിയാണിത്.
ഇനി ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്യണം. ഇതിനായി തട്ട് ഉറപ്പിക്കുന്ന പണി നടക്കുന്നതേയുള്ളൂ. അതിനു മുകളിൽ ഇരുമ്പു പാളികൾ ഉറപ്പിച്ച ശേഷം കമ്പി കെട്ടി വേണം കോൺക്രീറ്റ് ചെയ്യാൻ. കോൺക്രീറ്റ് ഉറച്ചിട്ടു മാത്രമേ ഗതാഗതം സാദ്ധ്യമാകു. ഇതിന് മുമ്പ് സമീപന പാത നിർമ്മിക്കണം. തോട്ടിൽ തെങ്ങിൻ കുറ്റികൾ ഇടിച്ചുതാഴ്ത്തി , കരിങ്കല്ല് പാകിയ ശേഷം (അപ്രോൺ) ഉപരിതലം കോൺക്രീറ്റ് ചെയ്താണ് തട്ട് ഉറപ്പിക്കുന്ന പണികൾ നടത്തിയത്.. സമീപന റോഡിൽ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് കോൺക്രീറ്റ് തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് മന്ദഗതിയിലായ പണികൾ ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. 2023 ജനുവരി 24 നാണ് പഴയ പാലത്തിൽ വിള്ളൽ മൂലം ഗതാഗതം നിരോധിച്ചത്. ഇതോടെ യാത്രാദുരിതം മൂലം ജനം വലഞ്ഞു. പ്രക്ഷോഭങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് ഒരു വർഷത്തിന് ശേഷം സമാന്തര പാത നിർമ്മിച്ചത്. 30 ലക്ഷം രൂപ ചെലവാക്കിയാണ് പാത നിർമ്മിച്ചത്. പക്ഷേ പമ്പാ നദിയിൽ അല്പം ജലനിരപ്പുയർന്നാൽ ഇൗ റോഡ് വെള്ളത്തിലാകും. റോഡ് തകർന്നുകിടക്കുകയാണ്.
പണി തുടങ്ങിയതും വൈകി
പാലം തകർന്ന് ഒരു വർഷത്തിന് ശേഷമാണ് പുതിയ പാലത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായത്. 2.63 കോടി രൂപയാണ് അനുവദിച്ചത്,. 18 ശതമാനം അധിക തുകയിൽ കരാർ ഉറപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി നടപടികൾ പൂർത്തിയാക്കിയപ്പോൾ ഒന്നരവർഷം കഴിഞ്ഞു. 8 മീറ്റർ വീതം നീളമുള്ള 2 സ്പാനുകളോടു കൂടിയ സബ്മേഴ്‌സിബിൾ പാലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 7.50 മീറ്റർ വാഹന ഗതാഗതത്തിനും 1.50 മീറ്റർ വീതം ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് വീതി.
11 മീറ്റർ വീതി
ആദ്യം അനുവദിച്ചത് 2.63 കോടി
കരാർ ഉറപ്പിച്ചത് 18 ശതമാനം അധിക തുകയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |