ആലത്തൂർ: സംസ്ഥാനത്ത് നെല്ല് സംഭരണ നടപടികൾ തീരുമാനമാകാതെ നീങ്ങുമ്പോഴും കർഷകർ അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് ജില്ലയിൽ കൊയ്ത്ത് 85% പൂർത്തിയായതോടെയാണ് രണ്ടാംവിള നെൽക്കൃഷിക്കായുള്ള പാടം ഒരുക്കൽ തകൃതിയായി നടക്കുന്നത്. കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ വരമ്പ് മാടലും ഞാറ്റടി തയ്യാറാക്കലും പുരോഗമിക്കുകയാണ്. രണ്ടാംവിള ജലസേചനം പൂർണമായും ഡാമിലെ വെള്ളത്തെ ആശ്രയിച്ചായതിനാൽ ജലവിള കലണ്ടർ തയ്യാറാക്കി ഏകീകൃത രൂപത്തിൽ വിളയിറക്കണമെന്നാണ് കൃഷിവകുപ്പിന്റെ നിർദ്ദേശം. കഴിഞ്ഞ മൂന്നുവർഷങ്ങളിലായി ആറ് സീസണിലെ വിളവെടുപ്പ് വിലയിരുത്തിയാണ് കൃഷിവകുപ്പ് കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നത്. കഴിഞ്ഞ സീസണുകളിൽ നവംബർ 15നുശേഷം നടീൽ നടത്തിയ പാടങ്ങളിൽ ഇലപ്പേൻ, തണ്ടുതുരപ്പൻ, പുഴുക്കൾ, ബാക്ടീരിയൽ ഓലകരിച്ചിൽ എന്നിവയുടെ ആക്രമണം രൂക്ഷമാകുകയും വിള കുറയുകയും ചെയ്തിരുന്നു. ഇടത്തരം മൂപ്പുള്ള ഉമപോലുള്ള ഇനങ്ങളിൽ വിളവ് കുറയുന്നതിനുള്ള പ്രധാന കാരണം പൂക്കുലകളുടെ ഉയർന്ന വന്ധ്യതാ നിരക്കുമൂലം പതിര് കൂടിയതായിരുന്നു. അന്തരീക്ഷ താപനിലയിലെ മാറ്റവും വന്ധ്യതയ്ക്ക് കാരണമാകും. നെല്ലിന്റെ പ്രത്യുത്പാദനകാലം ഫെബ്രുവരി ആദ്യം അവസാനിക്കുന്ന രീതിയിൽ നടീൽ ക്രമീകരിച്ചാൽ നെൽപ്പൂക്കളുടെ വന്ധ്യതാനിരക്ക് കുറയ്ക്കാനും മികച്ച വിളവ് ലഭ്യമാക്കാനും സാധിക്കും. 135 ദിവസം മൂപ്പുള്ള ഉമ ഇനത്തിന് 70 ദിവസം കായികവളർച്ചാ കാലവും, 35 ദിവസം പ്രത്യുത്പാദനകാലവും 30 ദിവസം കതിർ മൂപ്പെത്തി മടങ്ങാനുള്ള കാലവുമാണ്. ഒക്ടോബർ 20നകം ഞാറ്റടിക്കായി വിത്തിട്ടാൽ 70 ദിവസത്തെ കായികവളർച്ചാഘട്ടം കഴിഞ്ഞ് പ്രത്യുത്പാദനകാലം ആരംഭിക്കുന്നത് ഡിസംബർ 28നും അതുകഴിഞ്ഞ് പാലുറയ്ക്കാൻ തുടങ്ങുന്നത് ജനുവരി 30നും ആയിരിക്കും. 30 ദിവസം കതിരു മൂപ്പെത്തി മടങ്ങാനും ലഭിക്കും. ഫെബ്രുവരി 28ഓടെ കൊയ്യാനുമാകും.
വിള കലണ്ടർ
ഞാറ്റടി തയ്യാറാക്കൽ: ഒക്ടോബർ 11-25
നടീൽ: നവംബർ 5-15
വളപ്രയോഗം, കള പറിക്കൽ: നവംബർ 15-ഡിസംബർ 23
പ്രത്യുത്പാദനകാലം ആരംഭം: ഡിസംബർ 23-28
നെല്ലിൽ പാലുറയ്ക്കുന്ന കാലം: ജനുവരി 25-30
കൊയ്ത്ത് ആരംഭം: ഫെബ്രുവരി 24-28
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |