കണ്ണൂർ: ജില്ലയുടെ മലയോരമേഖലയിൽ അതിശക്തമായ മഴ തുടരുന്നു. വിവധയിടങ്ങളിൽ വ്യാപകനാശമുണ്ടായി. പുഴകൾ കരകവിഞ്ഞൊഴുകി.ഇരിട്ടി, ചെറുപുഴ, പ്രാപ്പൊയിൽ ശ്രീകണ്ഠാപുരം ഭാഗങ്ങളിലായാണ് രണ്ടുദിവസമായി തീവ്ര മഴ തുടരുന്നത്. ഇവിടങ്ങളിൽ കൃഷിയിടങ്ങൾ നശിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാദേശിക ഭരണകൂടങ്ങൾ പറയുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിൽ തിരുമേനിപ്പുഴയിലും പ്രാപ്പൊയിലിലെ തോടുകളിലും ജലനിരപ്പ് ഉയർന്നു. പി.വി.ഉഷ, തെക്കേ മാവുങ്കമണ്ണിൽ അബ്ദുല്ല മുസല്യാർ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയത്. രയരോം-എയ്യൻകല്ല് റോഡിൽ നിന്നു മഴവെള്ളം കുത്തിയൊഴുകിയതിനെത്തുടർന്ന് പ്രാപ്പൊയിൽ ഈസ്റ്റിലെ പറമ്പിൽ ആന്റണിയുടെ വീട്ടുമതിൽ ഇടിഞ്ഞു. തെക്കേ മാവുങ്കമണ്ണിൽ കബീർ, കണിയാംപറമ്പിൽ ജോസഫ്, ഇടക്കര ജോസ്, ഇടക്കര ജോണി, പറമ്പിൽ എബ്രഹാം, തിരുമേനിയിലെ പന്തനാലിക്കൽ സെബാസ്റ്റ്യൻ, ഓരത്താനിയിൽ ബാബു, കോക്കടവിലെ ചൂരപ്പുഴ മോളി, ചപ്പാരംതട്ടിലെ ആർ.കെ.ദാമോദരൻ, വി.എൻ.സന്തോഷ് എന്നിവരുടെ പറമ്പുകളിലും നാശനഷ്ടമുണ്ടായി. തിരുമേനി-കോക്കടവ് റോഡിലേക്ക് കൂറ്റൻ കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗത തടസ്സമുണ്ടായി. പല വീടുകളിലേക്കും റോഡിൽ നിന്നും ചെളിവെള്ളം ഒഴുകിയെത്തി. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വെള്ളം കുത്തിയൊലിച്ചെത്തിയതിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും ഉച്ചയോടെ മഴ ആരംഭിച്ചു. ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്രപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ് .നാളെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലിനെ കരുതിയിരിക്കണം
ജില്ലയിൽ വൈകുന്നേരങ്ങളിൽ ശക്തമായ ഇടിമിന്നൽ പതിവായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാഭരണകൂടവും കാലാവസ്ഥ നിരീക്ഷണ വകുപ്പും മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്ക് മുന്നെ ശ്രീകണ്ഠാപുരത്ത് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മിന്നലേറ്റ് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കർശനനിർദ്ദേശം. മിന്നലിന്റെ ആദ്യലക്ഷണം കണ്ടാൽ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്നും മാറണം. ചെങ്കൽ ക്വാറികളിലും ഉയരം കൂടിയ കെട്ടിടങ്ങളിലും പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശ്രദ്ധിക്കണം. വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് മേയാൻ വിടരുതെന്നും നിർദ്ദേശമുണ്ട്.
അറബിക്കടലിലെ ന്യൂന മർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ഇന്ന് ശക്തി പ്രാപിക്കും. കേരളത്തിലാകെ മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴ തുടരും -ജില്ല കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |