ആറളം ഫാമിൽ ഒരാഴ്ചയ്ക്കിടയിൽ മാത്രം പിഴുതെറിഞ്ഞത് നൂറു തെങ്ങുകൾ
കണ്ണൂർ: കഴിഞ്ഞ ആറ് വർഷത്തിനിടെ ആറളത്ത് കാട്ടാനകൾ പിഴുതെറിഞ്ഞത് പന്തീരായിരം തെങ്ങുകളാണെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. പതിനാലോളം പേരുടെ ജീവനൊടുക്കിയ കാട്ടാനകൾ ഉപജീവനത്തിനുള്ള വഴിയും പൂർണമായി ഇല്ലാതാക്കുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്നാണ് ആറളം നിവാസികളുടെ പരിദേവനം.
ബ്ളോക്ക് ഏഴിലേയും പതിനൊന്നിലേയും നിരവധി കായ് ഫലമുള്ള തെങ്ങുകളാണ് കഴിഞ്ഞ ദിവസം കാട്ടാന പിഴുതെറിഞ്ഞത്. കാർഷിക ഫാമിന്റെ വിവിധയിടങ്ങളിലായി നൂറ് തെങ്ങുകളാണ് ഒരാഴ്ചയ്ക്കുള്ളിൽ മാത്രം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം തേങ്ങ ലഭിക്കാനില്ലാത്ത സമയത്താണ് കാട്ടാനകളുടെ ഈ പരാക്രമം കർഷകരെ പ്രതിസന്ധിയിലാക്കിയതായി പറയുന്നു. തെങ്ങിനു പുറമെ പ്രദേശത്തെ മറ്റ് കൃഷികളും ഇത്തരം വന്യ ജീവികൾ നശിപ്പിക്കുന്നു. ഇതിന് പരിഹാരമാകാത്തതിനെതിരെ ജനങ്ങളും പരാതിപ്പെടുകയാണ്.
ആനയ്ക്ക് പുറമെ പന്നി, കുരങ്ങ്, മുള്ളൻ പന്നി എന്നിവയും കൃഷി നശിപ്പിക്കുന്നതിന്റെ മുന്നിലുണ്ട്. സാങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞ് നഷ്ടപരിഹാരത്തിൽ നിന്നും ഒഴിയുകയാണ് അധികൃതർ.
നൂറിലൊന്നായി കുറഞ്ഞ് വരുമാനം
ആറളം ഫാമിൽ 150 ഹെക്ടറിലെ തെങ്ങുകളിൽ നിന്ന് മുൻകാലങ്ങളിൽ ഇരുപത് മുതൽ മുപ്പത് ലക്ഷം വരെ തേങ്ങകൾ ലഭിച്ചിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശരാശരി 20,000 തേങ്ങയാണ് കുറച്ച് വർഷങ്ങളായി ലഭിക്കുന്നത്. വരുമാനം ഏകദേശം പത്ത് ലക്ഷമായും കുറഞ്ഞു.ആറളം ഫാമിന്റെ പ്രതി വർഷം 12 കോടിയോളം ചെലവുണ്ട്.ശമ്പള കുടിശികയടക്കം നിരവധി പ്രതിസന്ധികളിലൂടെയാണ് ഫാം കടന്നുപോകുന്നത്.
പാതിയിൽ നിലച്ച് പദ്ധതികൾ
ആറളത്തെ കാട്ടാന ശല്യം പരിഹരിക്കാൻ നിരവധിയായ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും പൂർത്തിയായിട്ടില്ലെന്ന് ആറളം പുനരധിവാസ മേഖലയിലുള്ളവർ പരാതിപ്പെടുന്നു. ആനമതിലിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. അടിക്കാട് വെട്ടിത്തളിക്കാനുള്ള നിർദ്ദേശവും പാലിക്കപ്പെട്ടില്ല. അടിക്കാട് വെട്ടിത്തെളിക്കാത്തത് വലിയ അപകടത്തിലേക്കാണ് ആറളത്തെ എത്തിക്കുന്നത്. മുന്നിലെത്തിയാൽ മാത്രമാണ് ആളുകൾക്ക് ആനകളെ കാണുന്നത്. കഴിഞ്ഞ മാസമാണ് ഇത്തരത്തിൽ മുന്നിലെത്തിയ കോളേജ് വിദ്യാർത്ഥിയെ കാട്ടാന ഓടിച്ചത്. വിദ്യാർത്ഥി തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് പ്രഖ്യാപിച്ച ‘ഓപറേഷൻ ഗജമുക്തി’യെന്ന പദ്ധതി തുടർപ്രവർത്തനമില്ലാതെ അവതാളത്തിലാണ്. പദ്ധതിയുടെ ഭാഗമായി പത്തോളം ആനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും വൈകാതെ ഇവ കൂട്ടത്തോടെ ഫാമിലെ ജനവാസമേഖലകളിൽ തിരിച്ചെത്തുകയായിരുന്നു. ഗജ മുക്തി പദ്ധതി ഏതാണ്ട് നിലച്ച മട്ടുമാണ്. തിരിച്ചെത്തിയ ആനകൾ സ്കൂളിന് വരെ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമാണ് ആറളത്തുള്ളത്.
ആയുസ്സുറപ്പ് ആനകൾക്ക് മാത്രം
ആറളത്ത് നിർഭയമായി ജീവിക്കാൻ സാധിക്കുന്നത് നിലവിൽ ആനകൾക്ക് മാത്രമാണെന്ന് നാട്ടുകാർ പറയുന്നു. മറ്റ് വന്യ ജീവികൾക്കും ഫാമിൽ യഥേഷ്ടം വിഹരിക്കാം. പക്ഷെ ഇവിടെ പുനരധിവസിപ്പിക്കപ്പെട്ടവർ അങ്ങേയറ്റം ഭയന്നാണ് ജീവിതം തള്ളിനീക്കുന്നത്. അത്യാഹിതമുണ്ടായാൽ മാത്രം ഓടിയെത്തുന്ന പതിവ് അധികൃതർ അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |