കാസർകോട്: ഇതര മതക്കാരനെ പ്രണയിച്ചതിന്റെ പേരിൽ മകളെ വീട്ടുതടങ്കലിലാക്കിയെന്ന പ്രചരണത്തെ തള്ളി സി.പി.എം മുൻ ലോക്കൽ കമ്മിറ്റിയംഗവും സാമൂഹ്യപ്രവർത്തകനുമായ ഉദുമ പള്ളത്തെ പി.വി.ഭാസ്കരനും കുടുംബവും. വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന മകളെ സ്വാധീനിച്ച് ഇൻഷ്വറൻസ് തുക കൈക്കലാക്കാൻ നാഡീ ചികിത്സകന്റെ ശ്രമത്തിന്റെ ഭാഗമായാണ് തനിക്കും കുടുംബത്തിനുമെതിരെയുണ്ടായ പ്രചാരണമെന്ന് ഭാസ്കരൻ കാസർകോട് പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
മകൾ പുറത്തുവിട്ട വീഡിയോ മാത്രം ആധാരമാക്കി ചില യൂട്യൂബർമാരും മറ്റു ചില ചാനലുകളും വേദനിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. പൊതുപ്രവർത്തകനെന്ന നിലയിൽ അനുഭവിച്ച മാനസിക പീഡനം അതീവവേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2023ലുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട മകളെ പലയിടങ്ങളിലുമായി ചികിത്സിച്ചു. ഇതിനിടെ വീട്ടിൽ നാഡിചികിത്സയ്ക്കായി എത്തിയ നീലേശ്വരത്തെ റാഷിദ് രോഗം ഭേദമാക്കാമെന്നും വിവാഹം ചെയ്യാമെന്നും മകളെ വിശ്വസിപ്പിക്കുകയായിരുന്നു.ചികിത്സയുടെ പേരിൽ ഏഴര ലക്ഷത്തോളം തട്ടിയെടുത്ത ഈയാൾ പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത മകളെ വിവാഹ വാഗ്ദാനം നൽകി സ്വാധീനിച്ചു. ഇൻഷുറൻസ് ആനുകൂല്യവും സമ്പാദ്യവും തട്ടിയെടുക്കാനാണ് ഈയാളുടെ ശ്രമമെന്നും കുടുംബം ആരോപിച്ചു. നേരത്തെ വിവാഹിതനായ റാഷിദിനെതിരെ ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹമോചിതയും പതിമൂന്നു വയസുള്ള കുട്ടിയുമുള്ള മകളെ അപകടത്തിൽ നിന്നും പിന്തിരിപ്പിക്കാനായിരുന്നു കുടുംബത്തിന്റെ ശ്രമമെന്നും ഭാസ്കരൻ വിശദീകരിച്ചു. യുവതിയുടെ അമ്മ കെ.രോഹിണിയും സഹോദരൻ സുബിത്തും യുവതിയുടെ 13 വയസുള്ള മകനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കമ്മ്യൂണിസം വീട്ടിന് പുറത്തുമതി, ഇതരമതക്കാരനെ പ്രണയിച്ചതിനാൽ സി.പി.എം ഏരിയാകമ്മിറ്റിയംഗം മകളെ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു ഭാസ്കരനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രചാരണം.
'ഹൈക്കോടതി തള്ളിയ പരാതി"
റാഷിദിന്റെ കൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി അർജുൻ നൽകിയ ഹേബിയസ് കോർപസ് ഹർജി നേരത്തെ ഹൈക്കോടതി നിരസിച്ചതാണെന്നും ഭാസ്കരൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മകളുടെ ചികിത്സയ്ക്കായി ഇതുവരെയായി തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും 55 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും 27,000 രൂപയാണ് മകളെ നോക്കാൻ നിൽക്കുന്ന ഹോംനേഴ്സിന് പ്രതിമാസം കൊടുക്കുന്നതെന്നും കുടുംബം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |