പ്രമാടം : ആകാശത്തും ഭൂമിയിലും ഒരുക്കിയ അതീവസുരക്ഷയിൽ, ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ഹെലിപാഡിൽ വന്നിറങ്ങി. ഇന്നലെ രാവിലെ എട്ടരയോടെയാണ് മൂന്ന് സൈനിക ഹെലികോപ്ടറുകളുടെ അകമ്പടിയിൽ എയർ ഫോഴ്സിന്റെ പ്രത്യേക ഹെലികോപ്ടറിൽ രാഷ്ട്രപതി എത്തിയത്. നേരത്തെ നിലയ്ക്കലിൽ ഇറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയം തിരഞ്ഞെടുക്കുകയായിരുന്നു. രാവിലെ മുതൽ പ്രമാടത്ത് എൻ.എസ്.ജിയും പൊലീസും വൻസുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആകാശത്ത് സേനാ ഹെലികോപ്ടറുകൾ വട്ടമിട്ട് പറന്ന് സുരക്ഷ ഉറപ്പാക്കിയപ്പോൾ ഭൂമിയിൽ കേന്ദ്രസേനകളും കേരള പൊലീസും സുരക്ഷ ഒരുക്കി. മൂന്ന് സൈനിക ഹെലികോപ്ടർ എത്തിയെങ്കിലും രണ്ടെണ്ണം മാത്രമാണ് ലാന്റ് ചെയ്തത്. ഇതിലൊന്ന് രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറും മറ്റൊന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഓഫീസ് സ്റ്റാഫുകളും ഉൾപ്പെട്ട ഹെലികോപ്ടറുമായിരുന്നു. രണ്ട് സൈനിക ഹെലികോപ്ടറുകൾ രാഷ്ട്രപതി പമ്പയിലേക്ക് യാത്രതിരിച്ച ശേഷം മടങ്ങിപ്പോയി. പ്രമാടത്ത് രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ആന്റോ ആന്റണി.എം.പി, എം.എൽ.എമാരായ അഡ്വ.കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായണൻ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗം വാഹന വ്യൂഹത്തിന്റെ അകമ്പടിയിൽ രാഷ്ട്രപതി പമ്പയിലേക്ക് യാത്ര തിരിച്ചു. ശബരിമല ദർശനത്തിന് ശേഷം പ്രമാടത്ത് എത്തി ഹെലികോപ്ടറിലാണ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |