കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ കലയപുരം ഡിവിഷനിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല. പട്ടികജാതി വനിതയ്ക്ക് സംവരണമുള്ള ഡിവിഷനെന്ന നിലയിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ നേതൃത്വം പരക്കം പാച്ചിൽ തുടങ്ങി. കോൺഗ്രസിലെ ആർ.രശ്മിയാണ് ഡിവിഷനിൽ നിന്നുള്ള നിലവിലെ ജില്ലാ പഞ്ചായത്തംഗം. കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.മുരുക ദാസൻ നായരും ബി.ജെ.പി സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടറിയായിരുന്ന കെ.ആർ.രാധാകൃഷ്ണനും കോൺഗ്രസിലെ ആർ.രശ്മിയും തമ്മിലായിരുന്നു പോരാട്ടം. ജനറൽ സീറ്റിൽ രണ്ട് പ്രധാനികളായ പുരുഷന്മാരോട് ഏറ്റുമുട്ടി ആർ.രശ്മി ജയിച്ചതിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിലെ കെ.എൻ.ബാലഗോപാലിനെതിരെ ആർ.രശ്മി മത്സരിക്കുകയുണ്ടായി. ജനകീയ അടിത്തറയുണ്ടാക്കിയെങ്കിലും ഡിവിഷൻ പട്ടികജാതി വനിതാ സംവരണമായതോടെ മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരെല്ലാം കളംവിട്ടു. കുളക്കട, മൈലം, പട്ടാഴി, പവിത്രേശ്വരം പഞ്ചായത്തുകൾ ചേരുന്നതാണ് കലയപുരം ഡിവിഷൻ.
സിറ്റിംഗ് സീറ്റിലും ആളില്ല
കേരള കോൺഗ്രസിന് (എം) കലയപുരം ഡിവിഷൻ വേണ്ടെന്ന തരത്തിലാണ് ചർച്ചകൾ. പുനലൂർ കരവാളൂർ, ചവറ ഡിവിഷനുകളിലേതെങ്കിലും ലഭിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച കലയപുരം ഡിവിഷനിൽ തന്നെ മത്സരിക്കേണ്ടി വന്നാൽ ആരെ മത്സരിപ്പിക്കുമെന്നതിൽ ഒരു ധാരണയും നിലവിലില്ല. കേരളകോൺഗ്രസ് (എം) നേതാവ് ഉഷാലയം ശിവരാജന്റെ സഹോദരി, പടിഞ്ഞാറെ കല്ലടയിലെ മുൻ ഗ്രാമപഞ്ചായത്തംഗം ഉഷയെ മത്സരിപ്പിക്കാമെന്ന നിലയിൽ ചർച്ച നടന്നു. കലയപുരം ഡിവിഷനിൽ നിന്നുതന്നെ ആരെയെങ്കിലും കണ്ടെത്തണമെന്നാണ് പാർട്ടിയിലെ മറ്റൊരു വിഭാഗം ആവശ്യപ്പെട്ടത്. ഇതോടെ ആളെ കണ്ടെത്താൻ ശ്രമവും തുടങ്ങി. യു.ഡി.എഫിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാനും ആളില്ലാത്ത അവസ്ഥയാണ്. കൊട്ടാരക്കര നഗരസഭ കൗൺസിലർ പവിജ പത്മൻ കലയപുരം ഡിവിഷനിലേക്കാണ് വിവാഹം ചെയ്തുവന്നത്. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്തിൽ മത്സരിക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. പട്ടാഴിയിലെ മുൻ പഞ്ചായത്ത് ഭാരവാഹി സുകന്യയുടെ പേരും പരിഗണനയിലുണ്ട്. മറ്റാരെങ്കിലും മത്സരിക്കാൻ സന്നദ്ധത അറിയിച്ചാൽ പരിഗണിക്കുമെന്നാണ് നേതൃത്വം പറയുന്നത്. ബി.ജെ.പി കുളക്കട ഗ്രാമപഞ്ചായത്തംഗമായ അഖില മോഹനനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. അപ്രതീക്ഷിത സ്ഥാനാർത്ഥികളുമുണ്ടായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |