കൊല്ലം: ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും സമന്വയത്തിലൂടെ ആയിരങ്ങൾക്ക് രോഗമുക്തിയേകി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലെ നക്ഷത്രവനം. ദിവസവും നൂറുകണക്കിന് ഭക്തരാണ് ഇവിടെ ഭജനമിരിക്കുന്നത്. പക്ഷഘാതം ബാധിച്ച് കാൽ തളർന്ന മുംബയിലുള്ള മലയാളിയായ അറുപതുകാരൻ ഏതാനും വർഷം മുമ്പ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ നക്ഷത്രവനത്തെ കുറിച്ച് അറിഞ്ഞ് ഇവിടെയെത്തി.
പരസഹായത്തോടെ നക്ഷത്രവനത്തിലെ ഇടവഴികൾ പൂർണമായി സഞ്ചരിച്ച് തീർക്കാൻ അദ്യം ദിവസം അദ്ദേഹം മൂന്ന് മണിക്കൂറെടുത്തു. പിന്നെ തന്റെ ജന്മനക്ഷത്ര മരത്തിന് വെള്ളം നനച്ച ശേഷം അതിന്റെ ചുവട്ടിൽ ധ്യാനമിരിക്കുന്നത് പതിവാക്കി. പ്രയാറിലുള്ള ബന്ധുവീട്ടിൽ തങ്ങിയാണ് നക്ഷത്രവനത്തിലേക്ക് എത്തിയിരുന്നത്.
ദിവസങ്ങൾ പിന്നിട്ടതോടെ വനത്തിനുള്ളിൽ സഞ്ചരിക്കാൻ വേണ്ടിവരുന്ന സമയം കുറഞ്ഞുവന്നു. കാലുകൾക്ക് ചെറുതായി സ്വാധീനം ലഭിച്ച് തുടങ്ങിയതോടെ പരസഹായവും വേണ്ടാതെയായി. വലിയ ആശുപത്രികളിൽ പോയിട്ടും യാതൊരു മാറ്റവും ഉണ്ടാകാതിരുന്ന അദ്ദേഹത്തിന്റെ കാലുകളുടെ സ്വാധീന ശേഷി ആഴ്ചകൾക്കുള്ളിൽ വീണ്ടെടുത്ത് മുംബെയിലേക്ക് മടങ്ങി. നക്ഷത്രവനത്തിന്റെ ആത്മീയ - ഔഷധപുണ്യം അനുഭവിക്കാൻ ഇപ്പോഴും അദ്ദേഹം ഇടയ്ക്കിടെ എത്താറുണ്ട്. പകൽ സമയത്ത് ഇളം വെയിലേറ്റ് ചൂട് പിടിക്കുന്ന ഓച്ചിറ പരബ്രഹ്മ സന്നിധിയിലെയും നക്ഷത്ര വനത്തിലെയും ഔഷധമൂല്യമുള്ള മണ്ണിലൂടെയുള്ള നടത്തം അദ്ദേഹത്തിന്റെ കാലുകളിലെ രക്തയോട്ടത്തെ ഉത്തേജിപ്പിച്ചിരിക്കുമെന്നാണ് ശാസ്ത്രീയ വ്യാഖ്യാനം. ഇത്തരത്തിൽ അനേകം പേർക്കാണ് നക്ഷത്രവനം രോഗമുക്തിയുടെ ആശ്വാസം സമ്മാനിക്കുന്നത്.
പ്രകൃതി ആരാധനാ കേന്ദ്രം
2014ൽ അന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറിയായിരുന്ന വി.സദാശിവനാണ് പ്രകൃതി ആരാധനാ കേന്ദ്രമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്ര പടനിലത്ത് നക്ഷത്രവനം ഒരുക്കിയത്. പടിഞ്ഞാറേ ആൽത്തറയ്ക്ക് വടക്ക് വശം ഒണ്ടിക്കാവിനോട് ചേർന്നാണ് അശ്വതി മുതൽ രേവതി വരെയുള്ള 27 ജന്മനക്ഷത്രങ്ങളുടേയും മരങ്ങളെയും പരിപാലിക്കുന്ന നക്ഷത്ര വനം. അവരവരുടെ ജന്മനക്ഷത്രമരച്ചുവട്ടിലിരുന്നുള്ള ധ്യാനവും വെള്ളം ശേഖരിച്ച് മരം നനയ്ക്കുന്നതുമാണ് നക്ഷത്രവനത്തിലെ ആരാധനാരീതി.
ഭാരതീയ പൗരാണിക ശാസ്ത്രം അനുസരിച്ച് 27 ജന്മനക്ഷത്രങ്ങളാണുള്ളത് ഇതനുസരിച്ച് കാഞ്ഞിരം, നെല്ലി, അത്തി, ഞാവൽ, കരിങ്ങാലി, കരിമരം, മുള, അരയാൽ, നാകം,പേരാൽ, ചമത, ഇത്തി, അമ്പഴം, കൂവളം, നീർമരുത്, വയങ്കത ,ഇലഞ്ഞി, വെട്ടി, വെള്ളപ്പൈൻ, വഞ്ചിമരം, പ്ലാവ്, എരിക്ക്, വന്നി, കടമ്പ്, തേമ്പാവ്, കരിമ്പന, ഇലിപ്പ എന്നിവയാണ് നക്ഷത്ര വനത്തിലെ സംരക്ഷിത വൃക്ഷങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |