തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. പ്രഥമപൗരയുടെ സുരക്ഷ കേരള സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. സുരക്ഷാവീഴ്ചയിൽ അന്വേഷണം നടത്തണം. രാഷ്ട്രപതിയുടെ സുരക്ഷ രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും അപകടമുണ്ടാകാഞ്ഞത് അയ്യപ്പകടാക്ഷം മൂലമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പി.എം ശ്രീ പദ്ധതിയെ എതിർക്കുന്നതിൽ അടിസ്ഥാനമില്ല
കേരള സർക്കാർ പി.എം ശ്രീ പദ്ധതിയെ എതിർക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ഏതൊരു നല്ല പദ്ധതിയെയും ആദ്യം എതിർക്കുന്നതാണ് സി.പി.എമ്മിന്റെ പാരമ്പര്യം. കേരളത്തിൽ ജനിച്ചതിന്റെ പേരിൽ കുഞ്ഞുങ്ങൾക്ക് മികച്ചഭാവി നിഷേധിക്കരുത്. സംസ്ഥാനത്ത് ദേശീയവിദ്യാഭ്യാസപദ്ധതി നടപ്പാക്കുമെന്ന് പിണറായി സർക്കാർ ഉറച്ച് പറയണം. കുടിവെള്ളം മുതൽ വിദ്യാഭ്യാസം വരെയുള്ള കാര്യങ്ങളിൽ കേരളം നിവർന്നുനിൽക്കുന്നത് കേന്ദ്രഫണ്ടിലെന്നത് യാഥാർത്ഥ്യമാണ്. രാജ്യം കുതിപ്പിലേക്ക് നീങ്ങുമ്പോൾ അവസരവാദവും ഇരട്ടത്താപ്പും ഒഴിവാക്കി അതിനൊപ്പം നിൽക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |