500 തട്ടിപ്പ് കേസുകൾ ഒടുവിൽ അറസ്റ്റിലായി
കൊച്ചി: 500 -ലേറെ തൊഴിൽ തട്ടിപ്പു കേസുകളിൽ പ്രതിയായ യുവാവിനെ ബംഗ്ലൂരുവിൽ ഒളിവിൽ കഴിയവെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്തതറിഞ്ഞ് രണ്ട് മാസം മുമ്പ് കൊച്ചിയിൽ നിന്ന് മുങ്ങിയ ഇടുക്കി കരിമ്പൻ മണിപ്പാറ കാവുപറമ്പിൽ വീട്ടിൽ കെ.ജെ.ജ്യേതിഷാണ് പൊലീസിന്റെ വിദഗ്ദ്ധ നീക്കങ്ങളിൽ പിടിയിലായത്.
എസ്.എച്ച്. ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബംഗളൂരുവിൽ എത്തുമ്പോൾ ഇന്ദിരാനഗറിലെ ഹോട്ടലിലായിരുന്നു താമസം. നവീൻ എന്ന പേരിലാണ് മുറിയെടുത്തതെന്നും രണ്ട് മാസമായി താമസമാണെന്നും ഹോട്ടൽ ജീവനക്കാർ അന്വേഷണ സംഘത്തെ അറിയിച്ചു. തിരിച്ചറിയാതിരിക്കാൻ വേഷം മാറിയാണ് ചുറ്റിക്കറങ്ങിയിരുന്നത്.
വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വൻ തുകയാണ് ഇയാൾ പലരിൽ നിന്നായി കൈപ്പറ്റിയത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് വാടക കെട്ടിടത്തിൽ ബെഥനി ടൂർസ് എന്ന പേരിൽ നടത്തിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമ പരസ്യങ്ങൾ വഴിയാണ് ഉദ്യോഗാർത്ഥികളെ കാൻവാസ് ചെയ്തിരുന്നത്.
കേസെടുത്തതറിഞ്ഞ് മുങ്ങി
കുന്നത്ത്നാട് ഐക്കരനാട് കടയിരിപ്പ് സ്വദേശിയായ യുവതിയിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന് ആഗസ്റ്റിലാണ് സെൻട്രൽ പൊലീസ് കേസെടുത്തത്. ഫെബ്രുവരി 24നാണ് ബാങ്ക് അക്കൗണ്ട് വഴി പണം നൽകിയത്. ആസ്ട്രേലിയയിൽ ഫുഡ് പായ്ക്കിംഗ് ജോലി തരപ്പെടുത്തി നൽകാമെന്നാണ് വാഗ്ദാനം നൽകിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ ഇയാൾ സ്ഥാപനം പൂട്ടി സ്ഥലം വിട്ടു. ഇവിടെ ജോലി ചെയ്തിരുന്ന രേഷ്മ ജോസഫ്, സ്വാതി എന്നീ ജീവനക്കാരും കേസിൽ പ്രതികളാണ്.
വിവിധ സ്റ്റേഷനുകളിൽ കേസ്
യുവതിയുടെ പരാതിയെ തുടർന്ന് തട്ടിപ്പിനിരയായ കൂടുതൽ ആൾക്കാർ പൊലീസിനെ സമീപിച്ചിരുന്നു. സൈബർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പ്രതിയുടെ ഒളിത്താവളം തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരാതികൾ ലഭിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അനൂപ് ചാക്കോ, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, ഹരീഷ് ബാബു, വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |