
ആലപ്പുഴ: സ്പോർട്സാണ് ലഹരിയെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും ജില്ലയിലെ പ്രധാന കളിക്കളമായ ഇ.എം.എസ് സ്റ്രേഡിയം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.കായികമേള പോയിട്ട് ഒരു കബഡി മത്സരം പോലും
നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
മുൻമുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിട്ട് ആലപ്പുഴിയിൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് 2010ൽ ആന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ്. 15വർഷം പിന്നിടുമ്പോഴും ഇന്നുവരെ ഒരു ഓട്ടമത്സരം പോലും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല.
സ്റ്റേഡിയത്തിന്റെ നിർമ്മാണം 2023ൽ പൂർത്തിയാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനവും പാഴായി. മന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സ്റ്റേഡിയത്തിൽ പണിയൊഴിഞ്ഞ് നേരമില്ല. കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ ടർഫിന്റെ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്.
ഗ്രൗണ്ട് സജ്ജീകരിക്കുന്ന ജേലികളും നടക്കുന്നുണ്ട്. ടോയ്ലെറ്റ് ബ്ലോക്കിന്റെ ടൈൽ വർക്ക് അവസാന ഘട്ടത്തിലാണ്. അടുത്തവർഷം ആദ്യം നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കിറ്റ്കോ അധികൃതർ പറയുന്നു.
എന്തായാലും ഇ.എം.എസ് സ്റ്രേഡിയം നവീകരിക്കുന്നതോടെ കായിക മേളകൾ നടത്താനും പരിശീലനം നൽകാനും പ്രയേജനപ്പെടുമെന്ന പ്രതീക്ഷയിലാണ് കായിക അദ്ധ്യാപകരും വിദ്യാർത്ഥികളും.
മൈതാനമില്ലാത്തത് വെല്ലുവിളി
1.കായികതാരങ്ങൾക്ക് പരിശീലനം നൽകാനുള്ള ഒരുനല്ല മൈതാനുംപോലും ജില്ലയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ആകെയുള്ളത് പ്രീതികുളങ്ങരയിലെ ഗ്രൗണ്ടാണ്. എന്നാൽ, ഇവിടത്തെ ട്രാക്ക് ചെറുതാണെന്ന ആക്ഷേപം ശക്തമാണ്.
2.ഒരുമാസം മുമ്പ് അറിയിച്ചാൽ പോലും കായികമേള നടത്താൻ ജില്ലയിൽ മൈതാനം കണ്ടെത്തുക പ്രയാസമാണ്. കഴിവുള്ള ധാരാളം വിദ്യാർത്ഥികളുണ്ട്.എന്നാൽ, അവരെ പരിശീലനം നൽകി കായികതാരങ്ങളാക്കാൻ ഗ്രൗണ്ടില്ലാത്തത് വെല്ലുവിളിയാണ്
3.കായിക മേളകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉൾപ്പടെ എത്തിച്ചാണ് ഇപ്പോൾ ട്രാക്ക് പരിശീലനം നൽകിവരുന്നത്
4. ഇത്തവണത്തെ ജില്ലാകായിക മേള വലിയ പരാധീനതയിലും പരാതിയിലുമാണ് അവസാനിച്ചത്. അതിന്റെ പ്രധാന കാരണം ഗ്രൗണ്ടുകളുടെ അപര്യാപ്തതയാണ്.
മഴവെള്ളം കാരണം പല ഗ്രൗണ്ടുകളും ചെളിക്കുണ്ടായി. മത്സരങ്ങൾ മാറ്റി വയ്ക്കേണ്ടിവന്നു
5.മത്സരങ്ങൾ പലതും ഒരുമിച്ച് വന്നതോടെ, പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിലും പങ്കെടുക്കാനായില്ല. ഒരുമത്സരം അരൂരാണെങ്കിൽ അടുത്ത മത്സരം കായംകുളത്താണ് നടന്നത്. ഇത്തരത്തിൽ ജില്ലയുടെ രണ്ട് അറ്റവും ഓടിയെത്താൻ അവർക്ക് സാധിച്ചില്ല
ജില്ലയിൽ മികച്ച കുട്ടികളുണ്ടെങ്കിലും കായിക പരിശീലനം നൽകാൻ നല്ല ഗ്രൗണ്ടുകളില്ല. ഇതുകാരണം കായികമേളകൾ നന്നായി നടത്താൻ പാേലും കഴിയാത്ത അവസ്ഥയാണ്
-ഷീല സ്റ്റാലിൻ, കായിക അദ്ധ്യാപിക
ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നവീകരണം നടന്നുവരികയാണ്. അടുത്ത കായികമേള ബുദ്ധിമുട്ടില്ലാതെ നടത്താൻ സാധിക്കും
-വി.ജി. വിഷ്ണു, പ്രസിഡന്റ്
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |