
കോട്ടയം: കുമരകം താജ് ഹോട്ടലിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലേക്കുള്ള യാത്രയിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു.
ചന്തക്കവലയിലെത്തിയപ്പോൾ കാത്തുനിന്ന നാട്ടുകാർ കൈവീശി. ഒട്ടും അമാന്തിച്ചില്ല. വാഹനം നിറുത്താൻ രാഷ്ട്രപതി ആവശ്യപ്പെട്ടു. കാറിൽ നിന്നിറങ്ങി സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് അവരുടെ അടുത്തേക്ക്.
നാട്ടുകാരുടെ ആർപ്പുവിളി. നീട്ടിയ കരങ്ങളിലെല്ലാം ചെറുപുഞ്ചിരിയോടെ വലംകൈതൊട്ട് മറുപടി. അവിസ്മരണീയ മുഹൂർത്തം ക്യാമറയിൽ പകർത്താൻ എല്ലാവരും ആവേശത്തോടെ കൂടി. രണ്ട് മിനിറ്റിലേറെ അവിടെ ചെലവഴിച്ച് മടക്കം. അഞ്ച് കിലോമീറ്റർ പിന്നിട്ടപ്പോൾ ഇല്ലിക്കൽ കവലയിൽ യൂണിഫോമണിഞ്ഞ വിദ്യാർത്ഥികൾ. ഒപ്പം രക്ഷിതാക്കളും നാട്ടുകാരും. അവിടെയുമിറങ്ങിയ രാഷ്ട്രപതി കുട്ടികൾക്ക് ചോക്ളേറ്റുകൾ നൽകി. കവിളുകളിൽ തലോടി. കുട്ടികളെ അത്രമേൽ ഇഷ്ടമായ രാഷ്ട്രപതി കാറിൽ പതിവായി ചോക്ളേറ്റുകൾ കരുതാറുണ്ട്.
കുമരകത്തിന്റെ ഹൃദയം കീഴടക്കിയാണ് രാഷ്ട്രപതി ഇന്നലെ കോട്ടയം വിട്ടത്. കഴിഞ്ഞ ദിവസം
കുമരകം താജ് റിസോർട്ടിൽ താമസിച്ച രാഷ്ട്രപതി ആയുർവേദ തിരുമ്മലിനും വിധേയയായിരുന്നു.
'' രാഷ്ട്രപതി ദ്രൗപദി മുർമു അത്രമേൽ ലാളിത്യം കാത്തു സൂക്ഷിക്കുന്നയാളാണ്. മൂന്നു ദിവസം ഒപ്പമുണ്ടായിരുന്നതിനാൽ അത് നേരിട്ടു മനസിലാക്കാനായി
-മന്ത്രി വി.എൻ. വാസവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |