
മലപ്പുറം: വീട്ടിലെ കിടപ്പുമുറിയിൽ നിന്നുൾപ്പെടെ രണ്ടുദിവസം കൊണ്ട് പിടികൂടിയത് ഏഴ് പാമ്പിൻകുഞ്ഞുങ്ങളെ. മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ നടുവത്ത് തങ്ങൾ പടിയിൽ ബാബുരാജന്റെ വീട്ടിൽ നിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഇആർഎഫ് ഷഹബാൻ മമ്പാട് ആദ്യം ആറുകുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇന്നലെ ശുചിമുറിയിൽ നിന്ന് ഒന്നിനെക്കൂടി പിടികൂടി.
ശുചിമുറിയിലെ മലിനജലം ഒഴികിയെത്തുന്ന കുഴിയിൽ അകപ്പെട്ട പാമ്പ് മുട്ടയിട്ട് വിരഞ്ഞുണ്ടായതാണ് പുറത്തുവന്ന കുഞ്ഞുങ്ങൾ എന്നാണ് കരുതുന്നത്. പിടികൂടിയതെല്ലാം വെള്ളിവരയൻ ഇനത്തിൽപ്പെട്ടവയാണ്. ഇവയ്ക്ക് വിഷമില്ല. പിടികൂടിയവയെ വനംവകുപ്പിന് കൈമാറി.
ശംഖുവരയൻ എന്ന് എളുപ്പത്തിൽ തെറ്റിദ്ധരിക്കുന്ന ഇനമാണ് വെള്ളിവരയൻ. അതിനാൽത്തന്നെ വ്യാപകമായി കൊല്ലപ്പെടാറുമുണ്ട്. തിളങ്ങുന്ന തവിട്ടുനിറമുള്ള ഇവയുടെ ശരീരത്തിൽ ഇടവിട്ട് ഇളം മഞ്ഞനിറത്തിലുള്ള വലയങ്ങൾ കാണാം. ശരീരത്തിന്റെ മുകൾ ഭാഗത്താണ് ഇത്തരം വലയങ്ങൾ ഏറെയും കാണുന്നത്. ഒരുപാമ്പിന്റെ ശരീരത്തിൽ പത്തുമുതൽ ഇരുപതുവരകൾവരെ കാണാറുണ്ട്.
ചെന്നായ്ക്ക് സമാനമായി വളരെ മൂർച്ചയേറിയ പല്ലുകളാണ് ഇവയ്ക്കുള്ളത്. അതിനാൽ വൂൾഫ് സ്നേക്ക് എന്നാണ് വെള്ളിവരയനെ ഇംഗ്ലീഷുകാർ വിളിക്കുന്നത്. വെള്ളിവരയന്റെ എട്ടിനങ്ങളാണ് ഇതുവരെ ഇന്ത്യയിൽ കണ്ടെത്തിയത്. ഇരതേടാൻ രാത്രിമാത്രം പുറത്തിറങ്ങുന്ന ഇവയ്ക്ക് നല്ല മിനുസമുള്ള ചുവരുകളിൽപ്പോലും എളുപ്പത്തിൽ കയറാൻ സാധിക്കും. പല്ലികളാണ് ഇവയുടെ പ്രധാന ആഹാരം. വളരെ പേടിയുള്ള ഇനമായതിനാൽ സ്പർശിച്ചാൽ കടിയേൽക്കാൻ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |