കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടർപട്ടിക തയ്യാറായതോടെ അങ്കത്തട്ടിൽ പോരുമുറുക്കി മുന്നണികൾ. അന്തിമ വോട്ടർ പട്ടിക വന്നതോടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അജണ്ടകളുമായി മുന്നണികൾ രംഗത്തിറങ്ങി കഴിഞ്ഞു. നേതാക്കന്മാരുടെ നേതൃത്വത്തിൽ മുന്നണികൾ സീറ്റു വിഭജന ചർച്ചകളുമായി മുന്നോട്ടു പോവുകയാണ്. തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണികളുടെ നീക്കം.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ജില്ലയിൽ ആകെ 21,14,668 വോട്ടർമാരാണുള്ളത്. സംസ്ഥാനത്ത് 2,84,46,762 വോട്ടർമാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് അന്തിമവോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ, പ്രവാസി വോട്ടർപട്ടികയിൽ 2798 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.
വോട്ടർപട്ടിക പരിശോധിക്കാം
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. വോട്ടർപട്ടിക കമ്മിഷന്റെ https://www.sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക സംബന്ധിച്ച് ഈ മാസം 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹിയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയത്.
സീറ്റ് വിഭജന ചർച്ച സജീവം
എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ച ശനിയാഴ്ച ആരംഭിച്ചു. അഞ്ചിനുള്ളിൽ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. ജില്ലയിൽ എല്ലാ സീറ്റിലും എൽ.ഡി.എഫ് മത്സരിക്കും. സി.പി.എം എത്ര സീറ്റിലാണ് മത്സരിക്കുകയെന്നത് അതത് തലങ്ങളിലായിരിക്കും തീരുമാനിക്കുക. കണ്ണൂർ കോർപ്പറേഷൻ, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം നഗരസഭകൾ, ഭരണം നഷ്ടമായ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം ഭരണം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും.
കോൺഗ്രസും സീറ്റ വിഭജന ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. മലയോര മേഖലകളിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാണ്. കോർപ്പറേഷനിൽ നേടിയ ഒരു സീറ്റ് വർദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളുമായാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.
ജില്ലയിലെ വോട്ടർമാർ
ആകെ -21,14,668
പുരുഷന്മാർ -9,76,536
സ്ത്രീ -11,38,121
ടി.ജി -11
പ്രവാസി വോട്ടർമാർ -74
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |