
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സർവീസുകളിൽ 22 ശതമാനം വർദ്ധന വരുത്തി പുതിയ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മാർച്ച് 28 വരെയുള്ള ഷെഡ്യൂളാണിത്. യാത്രക്കാർക്ക് ഇത് കൂടുതൽ ഗുണകരമാകും. സമ്മർ ഷെഡ്യൂളിൽ 600 ആയിരുന്ന പ്രതിവാര എയർട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും.
ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. രാജ്യാന്തര സർവീസുകളുടെ എണ്ണം 300ൽനിന്ന് 326 ആയി ഉയരും. ആഭ്യന്തര സെക്ടറിൽ കണ്ണൂർ, കൊച്ചി, ബംഗളൂരു, ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം 300ൽ നിന്ന് 406 ആക്കി. നവി മുംബയ്, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും.
അതേസമയം, വിന്റർ ഷെഡ്യൂളിലും തിരുവനന്തപുരത്തു നിന്ന് പല വിദേശ സെക്ടറിലേക്കും നേരിട്ടുള്ള സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കും. തലസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ജിദ്ദ അടക്കമുള്ള ഗൾഫ് സെക്ടറിലേക്ക് നേരിട്ട് സർവീസ് ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ, മറ്റ് വിമാനത്താവളങ്ങളെ യാത്രക്കാർക്ക് ആശ്രയിക്കേണ്ടി വരും.
ടിക്കറ്റ് നിരക്ക്
കുറച്ചില്ല
വിന്റർ സീസണിൽ ബഡ്‌ജറ്റ് സർവീസുകളിൽ പോലും തിരുവനന്തപുരത്ത് നിന്നുള്ള നിരക്കിൽ കുറവ് വരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |