
ഇരട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലയിൽ രണ്ടു ദിവസമായി കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇമ്മാനുവൽ മങ്കന്താനം, ഫിലോമിന തകിടിയേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനകൾ വ്യാപകനാശം വിതച്ചത്. വീടിനോട് ചേർന്ന കൃഷിയിടത്തിലുള്ള വാഴ, കവുങ്ങ്, തെങ്ങ്, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികൾ കാട്ടാന നശിപ്പിച്ചത് .
ഞായറാഴ്ച രാത്രിയിലാണ് വാളത്തോട് ടൗണിൽ നിന്നും 500 മീറ്റർ മാറിയുള്ള ഫിലോമിനയുടെ വീടിന്റെ മുറ്റത്ത് കാട്ടാന എത്തിയത് . രാത്രിയിൽ മഴ ശക്തമായിരുന്നതുകൊണ്ട് ആന എത്തിയത് വീട്ടുകാർ അറിഞ്ഞില്ല. പിറ്റേന്ന് പുലർച്ചെയാണ് കൃഷികൾ നശിപ്പിച്ചത് വീട്ടുകാർ കാണുന്നത് . അൻപതോളം വാഴകളും കമുങ്ങും കാട്ടാന നശിപ്പിച്ചു.വീടിന് നേരെ ആന തിരിയാത്തതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. ഇമ്മാനുവൽ മങ്കന്താനത്തിന്റെ വീടിന്റെ പിൻവശത്ത് ഇന്നലെ പുലർച്ചെയാണ് കാട്ടാന എത്തിയത്. വീടിനോട് ചേർന്ന് നട്ട നൂറു ചുവടോളം കപ്പ , 20 ഓളം വാഴ നാലോളം തെങ്ങ് എന്നിവ കാട്ടാന നശിപ്പിച്ചു. കഴിഞ്ഞ വേനലിലും ഇവിടെ കാട്ടാന എത്തി കൃഷി നശിപ്പിച്ചിരുന്നു. അന്നത്തെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇനിയും ഇവർക്ക് ലഭിച്ചിട്ടില്ല.കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ കാട്ടാനകൾ ചുറ്റിത്തിരിയുന്നതായി നാട്ടുകാർ പറയുന്നു . പടക്കം പൊട്ടിച്ച് ആ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ഇറങ്ങിയ ഭാഗങ്ങളിൽ വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ വാച്ചർമാരായ ജോൺസൺ , അജിൽ , അദിൽജിത്ത് , പി ആർ ടി അംഗം ജോബി കുന്നുംപുറം , പൊതുപ്രവർത്തകരായ മനോജ് എം കണ്ടതിൽ എന്നിവർ സന്ദർശിച്ചു .
തൂക്കുവേലി നിർമ്മാണം പൂർത്തിയായില്ല
വാളത്തോട് മേഖലയിൽ ത്രിതല പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന സോളാർ തൂക്കൂവേലിയുടെ നിർമ്മാണം ഇനിയും പൂർത്തിയാക്കാത്തതാണ് കാട്ടാനകളുടെ ശല്യം ഇപ്പോഴും തുടരുന്നതിന് കാരണം. പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ മഴയെത്തിയതാണ് പ്രവൃത്തി വൈകിപ്പിച്ചത്. ഏകദേശം 1.700 കിലോമീറ്റർ ദൂരം ഫെൻസിംഗ് പൂർത്തിയാക്കിയാൽ വാളത്തോട് മേഖലയിലെ കാട്ടാന ശല്യം തടയാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത് . വനമേഖലയോട് ചേർന്ന് കിടക്കുന്നതിനാൽ മറ്റ് വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |