
മസ്‌ക്കറ്റ്: പ്രവാസികൾക്കും തൊഴിലുടമകൾക്കും സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി ഒമാൻ തൊഴിൽമന്ത്രാലയം. തൊഴിൽ പെർമിറ്റുകൾക്ക് നിരക്ക് കുറച്ചും കാലയളവ് ദീർഘിപ്പിച്ചും നടപടികൾ ലളിതമാക്കിയുമുള്ള പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചും മന്ത്രാലയം ഉത്തരവിറക്കി. പ്രവാസികൾക്ക് അനുഗ്രഹമാകുന്ന തീരുമാനമാണിത്. ഔദ്യോഗിക ഗസറ്റിൽ ഉത്തരവ് പബ്ലിഷ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ ചട്ടക്കൂട് പ്രകാരം, സ്വദേശികളല്ലാത്ത തൊഴിലാളികൾക്കുള്ള റിക്രൂട്ട്‌മെന്റ്, വർക്ക് പ്രാക്ടീസ് ലൈസൻസുകളുടെ സാധുത 15 മാസത്തിൽ നിന്ന് 24 മാസമായി നീട്ടിയിട്ടുണ്ട്. തൊഴിലാളി താമസ അനുമതികളുമായി ലൈസൻസ് കാലാവധി സമന്വയിപ്പിക്കുക, പേപ്പർവർക്കുകളുടെയും അനുബന്ധ ചെലവുകളുടെയും ചെലവ് കുറയ്ക്കുക എന്നിങ്ങനെ തൊഴിലുടമകളുടെ ദീർഘകാല അഭ്യർത്ഥനകൾക്ക് പുതിയ തീരുമാനത്തിലൂടെ മാറ്റമുണ്ടാകും.
വൈകല്യമുള്ളവർ, സ്വയം പരിചരണത്തിന് കഴിവില്ലാത്ത വയോധികർ, ഗാർഹിക വരുമാന സഹായ പദ്ധതിയുടെ ഗുണഭോക്താക്കൾ, വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ പ്രത്യേക വൈദ്യ സഹായം ആവശ്യമുള്ളവർ എന്നിവർക്ക് സമഗ്രമായ ഫീസിളവുകളും പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. അതേസമയം, ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനുള്ള നിലവിലുള്ള ഫീസ് നിലനിർത്തുന്നതായും മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും മാറ്റമില്ലാതെ തുടരും.
തൊഴിൽ മന്ത്രാലയം അംഗീകരിച്ച ഫസ്റ്റ് ക്ലാസ് പ്രാെഫഷനുകളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനോ പെർമിറ്റ് പുതുക്കുന്നതിനോ തൊഴിലാളി ഡേറ്റ റജിസ്റ്റർ ചെയ്യുന്നതിനോ 301 റിയാൽ. രണ്ടാം ക്ലാസ് പ്രാെഫഷനുകളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും തൊഴിലാളി ഡേറ്റ റജിസ്റ്റർ ചെയ്യുന്നതിനും 251 റിയാൽ, മൂന്നാം ക്ലാസ് പ്രാെഫഷനലുകളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനും പുതുക്കുന്നതിനും തൊഴിലാളി ഡേറ്റ റജിസ്റ്റർ ചെയ്യുന്നതിനും 201 റിയാൽ എന്നിങ്ങനെയാണ് ഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |