
ന്യൂഡൽഹി: മ്യാൻമാർ അതിർത്തി കടന്നതിന് തടവിലാക്കപ്പെട്ട 500 ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതിന് തായ്‌ലാൻഡുമായി സഹകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മാഫിയ നടത്തുന്ന സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ ജോലി ചെയ്‌തിരുന്നവരാണ് മ്യാൻമാറിൽ നിന്ന് പാലായനം ചെയ്തത്. മ്യാൻമാറിൽ നിന്ന് രാജ്യത്തേക്ക് കടന്ന തങ്ങളുടെ പൗരന്മാരെ തിരികെകൊണ്ടുവരാൻ ഇന്ത്യ ഒരു വിമാനം അയയ്‌ക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് തായ്‌ലാൻഡ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ പറഞ്ഞു.
കഴിഞ്ഞയാഴ്ച മ്യാൻമറിലെ ചൈനീസ് മാഫിയ നടത്തുന്ന കെകെ പാർക്ക് കോമ്പൗണ്ടിൽ സൈന്യം റെയ്ഡ് നടത്തിയതിനെത്തുടർന്നാണ് ഇന്ത്യക്കാർ ഉൾപ്പെടെ ഏകദേശം 700 തൊഴിലാളികൾ അവിടെ നിന്ന് പലായനം ചെയ്തത്. അതിർത്തി കടന്നതിന് ശേഷം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളെ തായ് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തായ്‌ലാൻഡിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ മന്ത്രാലയത്തിന് അറിയാമെന്നും അവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
'തായ്‌ലാൻഡ് അധികൃതർ കസ്‌റ്റഡിയിലെടുത്ത ഇന്ത്യൻ പൗരന്മാരെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അവർ മ്യാൻമാറിൽ നിന്ന് തായലാൻഡിലേക്ക് കടന്നത്. തായ്‌ലാൻഡിൽ അവരുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അവരെ തിരിച്ചയക്കുന്നതിനായി അധികാരികളുമായി ചേർന്ന് പ്രവർത്തിക്കും' ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ ആഴ്ചമുതലാണ് മ്യാൻമാർ സൈന്യം കെകെ പാർക്ക് സൈബർ കുറ്റകൃത്യ കോമ്പൗണ്ടിനെതിരെ സൈനിക നടപടിക്രമങ്ങൾ ആരംഭിച്ചത്. അവിടെ ജോലി ചെയ്തിരുന്ന വിദേശ പൗരന്മാരിൽ ഭൂരിഭാഗവും തായ്‌ലാൻഡ് അതിർത്തി പട്ടണമായ മേ സോട്ടിലേക്ക് പലായനം ചെയ്തു. 28 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. നിലവിൽ അവരെ തായ്‌ലാൻഡിൽ സംരക്ഷിക്കുന്നുണ്ടെന്നാണ് അധികാരികൾ പറയുന്നത്.
മ്യാൻമറിലെ കെകെ പാർക്ക് അന്തർദേശീയ സൈബർ തട്ടിപ്പുകൾക്ക് പേരുകേട്ട സ്ഥലമാണ്. കെകെ പാർക്കും സമീപത്തുള്ള മറ്റ് കോമ്പൗണ്ടുകളും നടത്തുന്നത് ചൈനീസ് ക്രിമിനൽ സംഘങ്ങളാണ്, കൂടാതെ മ്യാൻമർ സൈന്യവുമായി ബന്ധമുള്ള പ്രാദേശിക മിലിഷ്യ ഗ്രൂപ്പുകളാണ് ഇവയെ സംരക്ഷിക്കുന്നത്.
കോവിഡിന് ശേഷം തായ്‌ലാൻഡ്, മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവയ്‌ക്കിടയിലുള്ള അതിർത്തി പ്രദേശങ്ങൾ ഓൺലൈൻ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തട്ടിക്കൊണ്ട് വന്ന് ഇവിടെ ജോലിചെയ്യിപ്പിക്കാറുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ തായ്-മ്യാൻമാർ അതിർത്തിയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലിചെയ്യാൻ നിർബന്ധിക്കപ്പെട്ട ആയിരക്കണക്കിന് ആളുകളെ അധികാരികൾ ഇടപെട്ട് മോചിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |