
ന്യൂഡൽഹി: രാജ്യത്തെമ്പാടുമായി സ്വർണവിലയിൽ വലിയ തരത്തിലുളള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ പവന് 90,000 രൂപ കടന്നത് ചരിത്രത്തിൽത്തന്നെ രേഖപ്പെടുത്തിയതാണ്. ഇതോടെ സ്വർണാഭരണം പണയം വയ്ക്കുന്നവർക്ക് വലിയ ലാഭമാണ് ലഭിക്കുന്നത്. അതുപോലെതന്നെ വെളളി ആഭരണങ്ങൾക്കും വിപണിയിൽ വൻസാദ്ധ്യത വർദ്ധിക്കാൻ പോകുകയാണ്. ഇത്രയും കാലം അണിയാൻ മാത്രം ഉപയോഗിച്ചിരുന്ന വെളളി ആഭരണങ്ങളും പണയം വയ്ക്കാൻ സാധിക്കുമെന്നാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ വ്യക്തമാക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഡിമാൻഡ് കുറഞ്ഞ ലോഹമായിരുന്നു വെളളി. എന്നാൽ അടുത്തകാലത്തായി സ്വർണത്തിന്റെ മൂല്യത്തിനൊപ്പം വെളളിയുടെ മൂല്യവും വർദ്ധിക്കുന്നുവെന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്. എന്നാൽ വെളളിവില സ്വർണത്തേക്കാൾ ഉയരുമെന്ന പ്രവചനങ്ങളും സാമ്പത്തിക വിദഗ്ദർ മുന്നോട്ടുവയ്ക്കുന്നുണ്ട്. അടുത്ത വർഷം ഏപ്രിൽ ആദ്യത്തോടെ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക മാർഗനിർദ്ദേശങ്ങളും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണ മൂല്യത്തിന്റെ 85 ശതമാനം വരെയാണ് സാധാരണയായി വായ്പയായി ലഭിക്കുന്നത്. ലോൺ-ടു-വാല്യൂ (എൽടിവി) പരിധി പ്രകാരം, ഒരു ലക്ഷം രൂപ വിലയുള്ള ആഭരണം പണയം വച്ചാൽ 85,000 രൂപ വരെ ഇപ്പോൾ വായ്പയെടുക്കാം. പലിശയും മുതലും ഒരുമിച്ച് അടയ്ക്കുന്ന ബുള്ളറ്റ് തിരിച്ചടവ് വായ്പകൾ ഇപ്പോൾ 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണമെന്ന നിയമവും അടുത്തിടെ നിലവിൽ വന്നിട്ടുണ്ട്.
സ്വർണം, വെള്ളി ആഭരണങ്ങളുടെ വായ്‌പാ പരിധി
പുതിയ നിയമം
പുതിയ നിയപ്രകാരം വായ്പ അടച്ചുതീർത്താൽ അതേ ദിവസംതന്നെ അല്ലെങ്കിൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പണയംവച്ച സ്വർണമോ, വെള്ളിയോ വായ്പ നൽകുന്നവർ തിരികെ നൽകേണ്ടതുണ്ട്. ഇതിൽ വീഴ്ച പറ്റിയാൽ വായ്പ നൽകുന്നയാൾ കടം വാങ്ങുന്നയാൾക്ക് നഷ്ടപരിഹാരമായി 5,000 രൂപ എല്ലാ ദിവസവും നൽകേണ്ടി വരും. ഏതെങ്കിലും കാരണവശാൽ പണയംവച്ച സ്വർണമോ വെള്ളിയോ ഓഡിറ്റ് സമയത്തോ മറ്റേതെങ്കിലും സമയത്തോ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ, വായ്പ നൽകുന്നവർ പണയംവച്ചവർക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകണം.
എന്നാൽ വായ്‌പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയാലും ശക്തമായ തീരുമാനങ്ങൾ എടുക്കാൻ ആർബിഐ നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പണയംവച്ച വസ്തു ലേലം ചെയ്യും. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
1. സ്വർണം ലേലം ചെയ്യുന്നതിന് മുൻപ് ഉപഭോക്താവിനെ ഈ കാര്യം അറിയിക്കണം.
2. വിപണി മൂല്യത്തിന്റെ 90 ശതമാനമായിരിക്കണം കരുതൽ വില
3. ലേലത്തിൽ നിന്ന് മിച്ചം വന്നാൽ അത് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കടം വാങ്ങുന്നയാൾക്ക് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |