
വിതുര: മഴയെത്തിയതോടെ മലയോരമേഖലയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി പരാതി. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് വൈദ്യുതി വിതരണം അടിക്കടി തടസപ്പെടുന്നത്. വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും ബോണക്കാട്ടും വൈദ്യുതിമുടങ്ങുന്നത് പതിവാണ്. മഴയും, കാറ്റുമെത്തിയാൽ നിലയ്ക്കുന്ന വൈദ്യുതി വിതരണം മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കുന്നത്.
പൊൻമുടി, ബോണക്കാട് മേഖലകളിലേക്ക് വൈദ്യുതിലൈൻ പോകുന്നത് വനത്തിൽകൂടിയാണ്. മഴയിലും കാറ്റിലും മരച്ചില്ലകൾ ലൈനിൽ ഉരസിയും മരങ്ങൾ ലൈനിൽവീണും വൈദ്യുതി വിതരണം നിലയ്ക്കുന്നുണ്ട്. പൊൻമുടി,കല്ലാർ,ബോണക്കാട്,വിതുര റൂട്ടിൽ അനവധി മരങ്ങളുടെ ചില്ലകൾ ലൈനിൽ മുട്ടിനിൽക്കുന്നുണ്ട്. ടച്ചിംഗ് വർക്കിന്റെ ഭാഗമായി മരച്ചില്ലകൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും അപകടാവസ്ഥയിലാണ് മരങ്ങൾനിൽക്കുന്നത്. ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മരങ്ങൾ കടപുഴകി റോഡിൽ പതിച്ച് ഗതാഗതതടസവും നേരിടാറുണ്ട്. വൈദ്യുതിലൈനുകൾ തകരുന്നതുമൂലം കെ.എസ്.ഇ.ബിക്ക് നഷ്ടവുമുണ്ടാകും.
ഇലക്ട്രിക് ഉപകരണങ്ങൾ കേടാകുന്നു
വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതിവിതരണം നിലയ്ക്കുന്നത് പതിവാണ്. വൈദ്യുതിവിതരണത്തിലെ വ്യതിയാനംമൂലം ഇലക്ട്രിക് ഉപകരണങ്ങൾ കേടാകുന്നതായും പരാതിയുണ്ട്. ചിലമേഖലകളിൽ വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. വൈദ്യുതിതടസം ഉടലെടുത്തതോടെ വിതുര,തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. മഴയും കാറ്റും മൂലമാണ് വൈദ്യുതിവിതരണം തടസപ്പെടുന്നതെന്നും, നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വൈദ്യുതി വകുപ്പ് വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |