തൃശൂർ: ഗതാഗതക്കുരുക്ക് രൂക്ഷമായ ദേശീയ പാതയിൽ അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന 13 അടിപ്പാതകളുടെ നിർമ്മാണം യാത്രക്കാരെ വീണ്ടും വട്ടംചുറ്റിക്കും. വർഷങ്ങളായി കുരുക്കിലായ വാളയാറിനും അങ്കമാലിക്കുമിടയിലാണ് അടിപ്പാത നിർമ്മിക്കുന്നത്. ഇതോടെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലയിലെ യാത്രക്കാർ വലയും.
നിലവിൽ നടക്കുന്ന പണികൾ പൂർത്തിയാകാൻ നിരവധി മാസങ്ങൾ എടുത്തേക്കും. ദേശീയപാത 544ൽ വാളയാറിനും മണ്ണുത്തിക്കുമിടയിൽ മൂന്നിടത്തും മണ്ണുത്തിക്കും അങ്കമാലിക്കുമിടയിൽ നാലിടത്തും നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ദേശീയ പാതകളായ 544ലും 66ലും സംസ്ഥാന പാതകളായ കൊടുങ്ങല്ലൂർ ഷൊർണ്ണൂർ, കുറ്റിപ്പുറം-തൃശൂർ എന്നിവയിലും നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ റോഡ് ഗതാഗതത്തെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്.
ട്രെയിനിലെ തിരക്കും കൂടും
ട്രെയിനുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൻ തിരക്ക് ഇനിയും വർദ്ധിക്കും. സമയത്തിന് എത്തേണ്ടവർ ട്രെയിനുകളെത്തന്നെ ആശ്രയിക്കേണ്ടിവരുന്ന നിലയാണ്. അതുകൊണ്ടുതന്നെ പാലക്കാട് - തൃശൂർ - എറണാകുളം മേഖലയിലെ ട്രെയിൻ യാത്രാസൗകര്യം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
ഷൊർണ്ണൂർ - എറണാകുളം മെമു, ഗുരുവായൂർ - മധുര എക്‌സ് പ്രസ്സ്, ഗുരുവായൂർ - എറണാകുളം പാസ്സഞ്ചർ, പാലക്കാട് - എറണാകുളം മെമു, കണ്ണൂർ - ആലപ്പുഴ എക്‌സ് പ്രസ്സ് എന്നീ വണ്ടികളിൽ പരമാവധി കോച്ചുകൾ വർദ്ധിപ്പിക്കണം. നിലമ്പൂർ- ഷൊർണ്ണൂർ പാസ്സഞ്ചർ എറണാകുളം വരെ നീട്ടുകയും പാലക്കാട് - തൂത്തുക്കുടി പാലരുവി എക്‌സ് പ്രസ്സിന് ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, പൂങ്കുന്നം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. കേരളത്തിലോടുന്ന ഇൻറ്റർ സിറ്റി വണ്ടികളിൽ പരമാവധി കോച്ചുകൾ ഘടിപ്പിക്കണമെന്നും യാത്രക്കാർ പറയുന്നു.
പാലക്കാട് - തൃശൂർ - എറണാകുളം മേഖലയിൽ കൂടുതൽ മെമു വണ്ടികളും ഏർപ്പെടുത്തണം. എങ്കിൽ മാത്രമേ ഈ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ.
പി.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |