കൊച്ചി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ വേറിട്ട തന്ത്രവുമായി ഇടതുമുന്നണി. കേന്ദ്രീകൃത പ്രകടനപത്രികയ്ക്ക് പകരം പ്രാദേശിക തലത്തിൽ അഭിപ്രായം സ്വരൂപിച്ച് ജനകീയപത്രിക തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എൽഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 1മുതൽ 3വരെ മുന്നണി പ്രവർത്തകർ ജില്ലയിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് നിർദ്ദേശങ്ങൾ എഴുതി നൽകാനുള്ള ഫോറം വിതരണം ചെയ്യും. ഇതിനുപുറമേ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ഓരോ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം ഇ-മെയിൽ വിലാസവും വാട്സ് ആപ്പ് നമ്പരും തയ്യാറാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ പബ്ലിക് ബോക്സുകളും സ്ഥാപിക്കും. ഇതിലൂടെ ലഭ്യമാകുന്ന നിർദ്ദേശങ്ങൾ സമാഹരിച്ച് തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ കരട് പത്രിക തയ്യാറാക്കും. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുമുള്ളവരെ പങ്കെടുപ്പിച്ച് പ്രകടനപത്രിക സദസ് സംഘടിപ്പിച്ച് അന്തിമ പത്രിക തയ്യാറാക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എം.ജി റോഡിലെ സെന്റർ സ്ക്വയർ മാളിന് മുമ്പിൽ സ്ഥാപിക്കുന്ന പബ്ലിക് ബോക്സിൽ നിർദ്ദേശം എഴുതിയിട്ടുകൊണ്ട് സാഹിത്യകാരൻ എൻ.എസ്. മാധവൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ സി.പി.എം ജില്ലാസെക്രട്ടറി എസ്. സതീഷ്, എൽ.ഡി.എഫ് കൺവീനർ ജില്ലാകൺവീനർ ജോർജ് ഇടപ്പരുത്തി, സി.പി.ഐ ജില്ലാസെക്രട്ടറി എൻ.അരുൺ, കേരളകോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് ടോമി ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |