മേപ്പയ്യൂർ: കുന്നും മലയും കയറാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമായി മാടോപ്പാനിമലയെന്ന് വിളിപ്പേരുള്ള മീറോട് മല. മേപ്പയ്യൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മീറോട് മലയുടെ പ്രത്യേകത സൂര്യോദയവും അസ്തമയവുമാണ്. മലയുടെ മുകൾത്തട്ടിലെത്തിയാൽ താഴ്‌വാരത്തെ കാഴ്ചകൾ കാണാം. അകലെയായി അകലാപ്പുഴയുടെ ദൃശ്യഭംഗിയും ആസ്വദിക്കാം. ദൂരെയായി കാണുന്ന കടൽത്തീരവും മണൽതിട്ടകളും മലമടക്കുകളുമെല്ലാം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽമീഡിയയിൽ അടുത്ത കാലത്താണ് മീറോട് മല ഇടംപിടിച്ചത്. ഇങ്ങനെ കണ്ടറിഞ്ഞാണ് ഭൂരിഭാഗം പേരും ഇവിടെയെത്തുന്നത്. ചെറിയ ഓഫ് റോഡ് യാത്രയും ട്രക്കിംഗും താത്പര്യപ്പെടുന്നവർ കുടുംബമായും ഇവിടെയെത്താറുണ്ട്. യുവാക്കളാണ് കൂടുതലായി പ്രദേശത്തേക്ക് എത്താറ്. നരക്കോട് മൈക്രോവേവ് സ്റ്റേഷൻ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സ്വകാര്യവ്യക്തികളുടെ കൈവശമാണ് മലയിലെ ഭൂമിയിലേറെയും.
മീറോട് മല ഇവിടെ
കൊയിലാണ്ടി താലൂക്കിലെ മേപ്പയ്യൂർ പഞ്ചായത്തിലാണ് മീറോട് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. മലയിലേക്ക് നിലവിലുള്ളത് മൈക്രോവേവ് റിപ്പീറ്റിംഗ് സ്റ്റേഷനടുത്തു കൂടി പോകുന്ന ഒരു ഓഫ് റോഡ് ആണ്. റോഡിൽ നിന്ന് മുക്കാൽ കിലോമീറ്റർ ദൂരംകാൽ നടയായി വേണം മലയുടെ മുകളിൽ എത്താൻ.
വേണം, സൗകര്യങ്ങൾ
സഞ്ചാരികൾക്ക് ആവശ്യമായ ഒരു സൗകര്യങ്ങളും ഇവിടെയില്ല. സഞ്ചാരസൗകര്യം, വ്യൂപോയിൻ്റ് ടവറുകൾ, സുരക്ഷാസംവിധാനങ്ങൾ എന്നിവ അത്യാവശ്യമാണ്. മീറോട് മല ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാൽ നാടിന് ഏറെ ഗുണം ചെയ്യും. വിശ്രമ സൗകര്യങ്ങളും കുട്ടികളുടെ പാർക്കുകളുമെല്ലാം ഒരുക്കിയാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും.
ഉത്തരവാദിത്ത ടൂറിസത്തിന് സാദ്ധ്യതയുള്ള പ്രദേശമാണ് മീറോട് മല. പ്രാദേശിക ചരിത്ര പഠനത്തിൻ്റെയും പ്രകൃതി സംരക്ഷണ മാതൃകകളുടേയും കേന്ദ്രമായി മീറോടിനെ വികസിപ്പിക്കേണ്ടതാവശ്യമാണ്. കോഴിക്കോട് ജില്ലയുടെ ടൂറിസം മാപ്പിൽ സ്ഥാനം പിടിച്ച ഈ പ്രദേശത്തെ, സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു കേന്ദ്രമാക്കി മാറ്റിയാൽ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
സതീശൻ നരക്കോട്. അദ്ധ്യാപകൻ,പരിസ്ഥിതി പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |