
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ടോടുകൂടി കൊടിയിറങ്ങി. ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ചടങ്ങുകൾ രാത്രി പത്തോടെ സമാപിച്ചു. മഹാവിഷ്ണുവിന്റെ നാമങ്ങളുരുവിട്ട് നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ നിറപറയും നിലവിളക്കും പൂജാദ്രവ്യങ്ങളുമൊരുക്കി നാമജപവുമായി ഭക്തർ വിഗ്രഹങ്ങളെ വണങ്ങി.
ശ്രീകോവിലിൽ ദീപാരാധനകഴിഞ്ഞ് സ്വർണ ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു.
ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറേനട വഴിയാണ് ആറാട്ടെഴുന്നള്ളത്ത് പുറത്തിറങ്ങിയത്. ഭക്തർ വായ്ക്കുരവകളും പദ്മനാഭസ്തുതികളും ഉയർത്തി. പൊലീസ് ആചാരപരമായ വരവേല്പ് നൽകി. ഘോഷയാത്ര വിളംബരംചെയ്ത് പെരുമ്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു.
ശ്രീപദ്മനാഭ സ്വാമിയെയും ഉപദേവൻമാരെയും ശംഖുംമുഖം കടലിൽ ആറാടിച്ചശേഷം നടത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തിയതോടെയാണ് പത്തു ദിവസം നീണ്ടുനിന്ന അല്പശി ഉത്സവത്തിന് സമാപനമായത്. ഘോഷയാത്ര പടിഞ്ഞാറെ കോട്ടയിലെത്തിയപ്പോൾ ആചാരവെടി മുഴങ്ങി. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം,നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം,അരകത്ത് ദേവീ ക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളെ കൂടി ആറാട്ടിനായി എഴുന്നള്ളിച്ചിരുന്നു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തുകൂടിയാണ് ഘോഷയാത്ര കടന്നുപോയത്.
ശംഖുംമുഖം തീരത്ത് പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിൽ വെള്ളിത്താലങ്ങളിലേക്ക് വിഗ്രഹങ്ങൾ മാറ്റി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തിയ പൂജകൾക്കുശേഷം വിഗ്രഹങ്ങളെ സമുദ്രത്തിൽ ആറാടിച്ചു. ഇന്ന് ആറാട്ട് കലശം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |