തിരുവല്ല : ശിഷ്യൻ ദീപുപ്രസാദ് നിർമ്മിച്ച ബഞ്ചിൽ ആദ്യമായി ഇരുന്ന സന്തോഷത്തിലാണ് കവിത ടീച്ചർ. ജില്ലാ സ്‌കൂൾ പ്രവർത്തി പരിചയമേളയിൽ മരപ്പണി മത്സരത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ ദീപു പ്രസാദ് നിർമ്മിച്ച ബെഞ്ചിലാണ് ഹിന്ദി ടീച്ചർ കവിത ചന്ദ്രൻ ഇരിപ്പുറപ്പിച്ചത്. മത്സരശേഷം മറ്റ് കുട്ടികൾ വരാനായി കാത്തിരിക്കുകയായിരുന്നു ടീച്ചർ. അപ്പോഴാണ് മരപ്പണിയിലെ മത്സരം കഴിഞ്ഞ് നല്ലൊരു ബഞ്ചുമായി ദീപു പ്രസാദ് വരുന്നത്. നിൽക്കുകയായിരുന്ന പ്രിയപ്പെട്ട ടീച്ചറിനോട് ഇവിടെ ഇരിക്കാൻ ദീപു പറഞ്ഞു. ഒന്ന് മടിച്ചെങ്കിലും ശിഷ്യന്റെ സന്തോഷത്തിനൊപ്പം ടീച്ചറും നിന്നു. സ്‌കൂളിലെ മികച്ച വിദ്യാർത്ഥിയാണ് ദീപു. പഠനത്തോടൊപ്പം തടിപ്പണിയിൽ അച്ഛനെയും ഈ മിടുക്കൻ സഹായിക്കുന്നു. പ്ലാവിൻ തടിയിലാണ് മനോഹരമായ ബഞ്ച് ഒരുക്കിയത്. ഏത് ഉപകരണത്തിന്റെയും കണക്കും അളവും തിട്ടമാണ് ഈ മിടുക്കന്. ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് മടക്കം. 23 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |