
കോട്ടയം : ആകാശത്തോളം പോന്ന സ്വപ്നങ്ങൾക്ക് പിന്നാലെ പറന്ന 4 കുട്ടിപ്രതിഭകൾക്ക് ഉജ്ജ്വല ബാല്യം പുരസ്കാരത്തിളക്കം. 5 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ പദ്ധതിയാണ് ഉജ്ജ്വല ബാല്യം. ജില്ലയിൽ പൊതുവിഭാഗത്തിൽ പ്രസംഗം ,കഥ, രചന എന്നിവയിൽ സർഗ ബിജോയ്, ചിത്രരചനയിൽ ശ്രീലക്ഷമി ജയറാം എന്നിവർക്കും ഭിന്നശേഷി വിഭാഗത്തിൽ കായിക ഇനത്തിൽ ശ്രീലക്ഷ്മി ജയറാം, ആരോൺ അജിറ്റ് സക്കറിയ ഷിന്റോ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.
സർഗയുടെ സർഗവാസന
നാലേമുക്കാൽ വയസ് മുതൽ സ്വന്തം കൈപ്പടയിൽ കഥകളും കവിതകളും രചിച്ച് തുടങ്ങിയ സർഗ ബിജോയ് നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. 2023ൽ ആദ്യ പുസ്തകമായ എന്റെ കുഞ്ഞികവിതകൾ എഴുതി, 2024ൽ എന്റെ ഡയറിക്കുറിപ്പുകൾ, 2025 ൽ ഞാനും എന്റെ കൂട്ടുകാരും എന്ന പുസ്തകവും എഴുതി പ്രസിദ്ധീകരിച്ചു. നിരവധി ചാനൽ പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്. തെങ്ങണ ഗുഡ്‌ഷെപ്പേർഡ് പബ്ലിക് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയാണ്. കറുകച്ചാൽ തട്ടാരടിയിൽ പെയിൻിംഗ് തൊഴിലാളിയായ ബിജോയ് ജോസഫിന്റെയും എം.ഗീതയുടെയും ഏകമകളാണ്.
അരവിന്ദിന്റെ ഉൾക്കാഴ്ചയുടെ വിജയം
കാഴ്ചക്കുറവിനെ മനക്കരുത്ത് കൊണ്ട് കീഴടക്കിയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി ഇ.എസ് അരവിന്ദ് പുരസ്കാരത്തിന് അർഹനായത്. കായിക ഇനത്തിൽ 200 മീറ്റർ ഓട്ടം, വർക്ക് എക്‌സ്പീരിയൻസ് എന്നിങ്ങനെ ഭിന്നശേഷി വിഭാഗത്തിലാണ് പുരസ്‌കാരം. പുഞ്ചവയൽ ഈട്ടിമൂട്ടി ഇ.എസ് സതീഷ് - ചിക്കു ദമ്പതികളുടെ മകനാണ്. കാളകെട്ടി അസീസി സ്‌കൂൾ ഫോർ ദ ബ്ലൈൻഡ് സ്‌കൂൾ വിദ്യാർത്ഥിയാണ്. അനിയത്തി അഭിരാമിയ്ക്കും കാഴ്ചക്കുറവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ ഇരുവരെയും ബോർഡിംഗിൽ നിന്നാണ് പഠിപ്പിക്കുന്നത്. ഇരുവരുടെയും ചികിത്സയും പഠനവും സ്‌കൂളിന്റെ സഹായത്തോടെയാണ് തുടരുന്നത്. സ്‌കൂൾ എച്ച്.എം സിസ്റ്റർ റെൻസിയാണ് മേൽനോട്ട ചുമതല.
അഭിമാനമായി ആരോൺ
വൈകല്യങ്ങളെ അതിജീവിച്ച് നാടിന് അഭിമാനമായി മാറുകയാണ് ആരോൺ അജിറ്റ് സക്കറിയ ഷിന്റോ. വെള്ളൂർ സെന്റ് ജോൺ ഒഫ് ഗോഡ് സ്‌പെഷ്യൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ടേബിൾ ടെന്നീസിലാണ് പുരസ്‌കാരം. ബാഡ്മിന്റണിലും താരമാണ് ആരോൺ. ടേബിൾ ടെന്നീസിൽ ദേശീയതലത്തിലും, വേൾഡ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിരുന്നു. വേൾഡ് തല റാങ്കിൽ 18-ാമതും ഏഷ്യാതലത്തിൽ രണ്ടാം റാങ്കുമാണ്. മാങ്ങാനം മണലുംഭാഗം ഡോ.അജിറ്റ് ഷിന്റോയുടെയും ജിസ്മിയുടെയും മകനാണ്. മെഡിസിൻ വിദ്യാർത്ഥി ആദിത്യയാണ് സഹോദരൻ.
ക്യാൻവാസിലാക്കി ശ്രീലക്ഷ്മി
ജീവൻ തുടിക്കും ചിത്രങ്ങൾ ക്യാൻവാസിലാക്കിയാണ് ശ്രീലക്ഷ്മി ജയറാം പുരസ്കാരത്തിന് അർഹയായത്. പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. മൂന്ന് വയസുമുതലാണ് ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ചത്. ഡ്രോയിംഗ് ടീച്ചർ മഞ്ചുവാണ് ആദ്യ ഗുരു. പിന്നീട്, സതീഷ് വാഴവേലിൽ, സുനിൽ ലിനസ് ഡെ എന്നിവരുടെ കീഴിലായി പഠനം. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ നേടി. നാഷണൽ ലെവൽ പെയിന്റിംഗിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സമ്മാനം സ്വീകരിച്ചു. എസ്.സി.ആർ.ടി സ്‌കൂൾ പുസ്തകത്തിൽ ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ അച്ചടിച്ചു. 2017ൽ പുറത്തിറങ്ങിയ ക്ലിന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഓട്ടമത്സരം, റോളർ സ്‌കേറ്റിംഗ് തുടങ്ങിയവയിലും സമ്മാനം നേടിയിട്ടുണ്ട്. പാലാ ചെത്തിമറ്റം മൂന്നാനി കൊറ്റാപടിക്കൽ ബിൽഡിംഗ് ഡിസൈനറായ കെ.ജി ജയറാം ഇ.കെ ജയശ്രീ എന്നിവരുടെ മകളാണ്. കാർത്തിക് ആണ് സഹോദരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |