
ഡി.പി.ആർ തയ്യാറാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് സർക്കാർ നിർദ്ദേശം
ഇരിട്ടി : ആറളം വന്യജീവി സങ്കേതവും പരിസരത്തുള്ള ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രഖ്യാപിച്ച ആറളം ശലഭഗ്രാമത്തിന്റെ വികസനത്തിന് സർക്കാരിന്റെ പച്ചക്കൊടി.ശലഭഗ്രാമ വികസനത്തിന് വിശദ പദ്ധതി രൂപരേഖ(ഡി.പി.ആർ) തയ്യാറാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് സർക്കാർ നിർദ്ദേശം നൽകി. ആറളം വന്യജീവി സങ്കേതത്തെ ശലഭസങ്കേതമായി സംസ്ഥാന വന്യജീവി ബോർഡ് നേരത്തെ അംഗീകരിച്ചിരുന്നു.
ആറളം വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ 25 വർഷം തുടർച്ചയായി ചിത്രശലഭങ്ങളെ നിരീക്ഷിച്ചുവരികയാണ്.ഡിസംബർ മുതൽ ഫെബ്രുവരി മാസം വരെയുള്ള മാസങ്ങളിൽ മലനിരകളിൽ നിന്ന് നന്ദികളിലൂടെയും തേടുകളിലൂടെയും മറ്റ് തുറസ്സായ പാതകളിലൂടെയും മുല്ലപ്പൂമാല പോലെ ആൽബട്രോസ് ശലഭങ്ങൾ ഒഴുകി വരുന്നതും മഡ് പഡ്ലിംഗിൽ ഏർപ്പെടുന്നതുമായ കാഴ്ചകൾ അത്ഭുതമുളവാക്കുന്നതാണ്. പശ്ചിമഘട്ടത്തിലെ നാൽപതിൽ പരം എൻഡെമിക് ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്ത് കണ്ടെത്തിയിട്ടുണ്ട് തുടർച്ചയായ സർവ്വെ കണക്കുകൾ പ്രകാരം കേരളത്തിൽ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണവും ആറളം വന്യജീവി സങ്കേതത്തിലാണുള്ളത്. കേരളത്തിലെ ചിത്രശലഭ വൈവിധ്യത്തിന്റെ 82 ശതമാനവും ആറളം വന്യ ജീവി സങ്കേതത്തിലാണ്.
പ്രഖ്യാപനത്തിൽ പലതുണ്ട് നേട്ടങ്ങൾ
തദ്ദേശീയരുടെ തൊഴിൽ സാദ്ധ്യത വർദ്ധിക്കും
സാമ്പത്തിക സാമൂഹിക,ഉന്നമനം
വന്യജീവി സംഘർഷം ഒഴിവാക്കി മികച്ച പരിസ്ഥിതി സൗഹൃദ സംരക്ഷണമാതൃക
ഗവേഷണത്തിനും പഠനത്തിനും ബോധവൽക്കരണത്തിനുമുള്ള വിജ്ഞാന കേന്ദ്രം
ശലഭങ്ങളുടെ ആവാസ വ്യവസ്ഥ വിപുലീകരിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം
ഏറ്റവും മികച്ച ശലഭ സംരക്ഷണ പ്രദേശമാക്കുക
വനം വകുപ്പ് ,ആറളം ഫാം, ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന് ഗ്രാമ പഞ്ചായത്തുകൾ, ടി.ആർ.ഡി.എം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവവിധ്യ ബോർഡ് സർക്കാർ ഇതര സംഘടനകൾ തദ്ദേശീയർ എന്നിവരുടെ നിർദ്ദേശങ്ങൾക്കും പഠനങ്ങൾക്കും വിധേയമായി ശലഭഗ്രാമം സമഗ്ര പദ്ധതി രൂപരേഖയ്ക്കായുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും- ആറളം വൈൽഡ് ലൈഫ് വാർഡൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |