
കണ്ണൂർ : പഴശ്ശി ഇറിഗേഷന്റെ കീഴിലുള്ള പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികൾ വ്യാപകമായി കൈയേറ്റം ചെയ്യുന്നതായി വിവരം. ജലസംഭരണിക്കായി ഏറ്റെടുത്ത സർക്കാർ പുറമ്പോക്ക് ഭൂമിയാണ് കൈയേറി അനധികൃത കെട്ടിടങ്ങൾ നിർമിക്കുന്നത് . ഡാം റിസർവോയറിനായി ഏറ്റെടുത്ത 2400 ഹെക്ടർ ഭൂമിയിൽ 20 ശതമാനത്തോളം ഭൂമി കൈയേറിയെന്ന പരാതിയ്ക്കിടയിലും നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃതർ അനങ്ങാതിരിക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഭൂമി മണ്ണിട്ട് നികത്തുന്നതിനാൽ ജലസംഭരണിയിൽ റിസർവോയർ ലെവലിൽ വെള്ളം തടഞ്ഞു നിർത്താൻ പറ്റുന്നില്ല.
വെളിയമ്പ്ര പഴശ്ശി ഇറിഗേഷൻ ഡാം സൈറ്റ് മുതൽ ഇരിട്ടി നഗരസഭയിലെയും പായം, പടിയൂർ പഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന പഴശ്ശി പുഴയുടെ ഇരുകരകളിലുമായി കുയിലൂർ, പടിയൂർ, പൂവം, പെരുവംമ്പറമ്പ്, നിടിയോടി, തന്തോട്, പെരുമ്പറമ്പ്, എടക്കാനം, വള്ളിയാട്, നേരമ്പോക്ക്, ഇരിട്ടി ടൗൺ ഉൾപ്പെടുന്ന പഴയപാലം മുതൽ ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പുറമ്പോക്ക് ഭൂമിയിലാണ് വ്യാപകകൈയേറ്റം നടക്കുന്നത് .
പായം പഞ്ചായത്തിന്റെ അധീനതയുള്ള ഇരിട്ടി പാലത്തിനു സമീപത്തെ പുഴ പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തി പുതിയ കെട്ടിടസമുച്ചയം നിർമ്മിച്ചിട്ടുണ്ട്. ഇതിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും പായംപഞ്ചായത്ത് അധികൃതർ അനങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് തന്നെ പ്രദേശത്ത് ഭൂമി കൈയേറ്റം വ്യപകമായിരുന്നു.എന്നാൽ അന്ന് പരാതി ഉയർന്നപ്പോൾ ഭൂമിയുടെ അതിർത്തികൾ സംബന്ധിച്ച് ജലസേചന വകുപ്പിനോ റവന്യൂ വകുപ്പിനോ ധാരണയുണ്ടായിരുന്നില്ല.
കൈയേറ്റത്തിൽ കണ്ണടക്കും; വീട് നിർമ്മിക്കാൻ വകുപ്പ് കനിയണം;
പായം പഞ്ചായത്തിലെ പെരുമ്പറമ്പ്, തന്തോട് മേഖലയിൽ സ്വന്തം ഭൂമിയിൽ വീടു നിർമ്മിാണത്തിന് പഞ്ചായത്ത് അനുവദിക്കണമെങ്കിൽ പഴശ്ശി ഇറിഗേഷൻ അധികൃതരുടെ നിരാക്ഷേപപത്രം നിർബന്ധമാണ്. നിരാക്ഷേപ പത്രം നൽകാതെ ഇറിഗേഷൻ അധികൃതർ നിരവധി ആളുകളെയാണ് വെട്ടിലാക്കിയിട്ടുമുണ്ട്.എന്നാൽ ഇതേ ഉദ്യോഗസ്ഥരും പഞ്ചായത്ത് -റവന്യൂ അധികൃതരും പഴശ്ശി ഇറിഗേഷൻ ഭൂമി കൈയേറുമ്പോൾ കണ്ണടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പുള്ള പരാതിയിൽ കൈയേറ്റ പ്രദേശങ്ങളിൽ അനധികൃത നിർമാണം നിർത്താനും നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും ഉത്തരവ് വന്നിരുന്നു. എന്നാൽ ഇതിൽ തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |