
കണ്ണൂർ: മലയോരത്തെ കുടിയേറ്റ ജനതയുടെ ചരിത്രത്തിനൊപ്പം അലിഞ്ഞുചേർന്ന പേരാണ് ഇന്നലെ അന്തരിച്ച കെ..എം. ജോസഫിന്റേത്. മലയോര പ്രദേശങ്ങളിൽ, കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത കുടിയേറ്റ കർഷകരുടെ ഇടയിൽ നിന്നുയർന്ന നേതാവായിരുന്നു അദ്ദേഹം. കുടിയേറ്റ കർഷകന്റെ കരുത്തും ഇച്ഛാശക്തിയുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള ശക്തിയാണ് അണികൾക്കിടയിൽ ' ജോസഫേട്ടൻ' എന്ന പേരിന് വലിയ ഇടം നൽകിയത്.
അത്രയൊന്നും സ്വാധീനമില്ലാത്ത ന്യൂനപക്ഷ കുടിയേറ്റ മേഖലകളിൽ സി.പി.എമ്മിന് വേരുകൾ ഉറപ്പിക്കാൻ തുണയായത് കെ.എം ജോസഫിന്റെ അശ്രാന്ത പരിശ്രമമായിരുന്നു. മലയോര കർഷകരെയും കർഷകത്തൊഴിലാളികളെയും ചെങ്കൊടിക്ക് പിന്നിൽ അണിനിരത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയപ്രവർത്തനത്തിനപ്പുറം അതൊരു ഒരു സാമൂഹിക വിപ്ലവമായിരുന്നു.
കണ്ണൂർ ജില്ലയിൽ സി.പി.എം കടന്നാക്രമണം നേരിട്ട കഠിനകാലത്ത് കൊടുങ്കാറ്റുപോലെ പ്രതിരോധിക്കുകയും ആത്മധൈര്യം പകരുകയും ചെയ്ത മുൻനിര നേതാവായിരുന്നു അദ്ദേഹം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ തുടങ്ങിയവർ കണ്ണൂരിലെ പാർട്ടിയെ നയിച്ച കാലത്ത് മലയോരത്ത് പാർട്ടിയുടെ ജനകീയ മുഖവുമായിരുന്നു അദ്ദേഹം.പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്ന് യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാനും ജോസഫിന് കഴിഞ്ഞു. അണികളെ ത്രസിപ്പിക്കുന്ന വീറുറ്റ പ്രസംഗികനും ഉജ്വല സംഘാടകനും കൂടിയായിരുന്നു അദ്ദേഹം.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പതിയെ കെ.എം ജോസഫ് പാർട്ടി നേതൃപദവികളിൽ നിന്നും പിൻമാറി.
അനുശോചിച്ച് മുഖ്യമന്ത്രിയും സംസ്ഥാനസെക്രട്ടറിയും
കെ.എം.ജോസഫിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനും അനുശോചിച്ചു.മലയോര മേഖലയിൽ കുടിയേറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് സിപിഎമ്മിനെയും കർഷകസംഘത്തെയും ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ജോസഫെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
മലയോരത്തിന്റെ സാമൂഹികരാഷ്ട്രീയ ബോധം വളർത്തിയ യഥാർത്ഥ പാർട്ടി പ്രവർത്തകനായിരുന്നു കെ.എം. ജോസഫെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അനുസ്മരിച്ചു.കെ.എം.ജോസഫിന്റെ സംഭാവനകൾ കണ്ണൂരിന്റെ മലയോരത്ത് എന്നും നിലനിൽക്കുമെന്ന് സി.പി.എം ജില്ലാകമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |