
തൃശൂർ: 'ആനേം കൊണ്ട് പോകുമ്പോ, മ്മള്ങ്ങനെയാ ഡോക്ടറേ ഉത്സവത്തിന് അനുവദീണ്ട്ന്ന് അറിയാ...' കൊച്ചിൻ ദേവസ്വം ബോർഡിലെ ഇളംമുറക്കാരൻ പാപ്പാനാണീ സംശയം. 'ഇതൊരു പ്രശ്‌നമാണ്, വനംവകുപ്പും ദേവസ്വം ബോർഡും ചേർന്ന് പരിഹാരം ഉണ്ടാക്കണ'മെന്ന് ആനചികിത്സാ വിദഗ്ദ്ധൻ ഡോ. പി.ബി.ഗിരിദാസിന്റെ മറുപടി. ആനപ്പാപ്പാൻമാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് സംഘടിപ്പിച്ച റിഫ്രഷ്‌മെന്റ് പരിപാടിയാണ് വേദി.
ആനപരിപാലനം എങ്ങനെ വേണമെന്നും നാട്ടാന പരിപാലന ചട്ടം എന്താണെന്നും പാപ്പാൻമാർക്ക് മനസിലാക്കി നൽകുന്ന റിഫ്രഷ്‌മെന്റ് പരിപാടിയിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ 21 പാപ്പാൻമാരിൽ 17 പേർ പങ്കെടുത്തു. ഇളംമുറയിൽപ്പെട്ട പാപ്പാൻമാർ മുതൽ മൂന്ന് പതിറ്റാണ്ടുകാലം ആനത്തണലിൽ കഴിഞ്ഞ മുതിർന്ന പാപ്പാൻ അനി ഉൾപ്പെടെയുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. എറണാകുളം ശിവകുമാറിന്റെ പാപ്പാൻ സുരേഷ്, കൊമ്പൻ ശ്രീരാമന്റെ പാപ്പാൻ പ്രകാശൻ എന്നിവരുമുണ്ടായിരുന്നു.
റിഫ്രഷ്‌മെന്റ് ക്ലാസിന്റെ ഉദ്ഘാടനം തൃശൂർ ഡിവിഷൻ സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ കെ.മനോജ് നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. ആനപരിപാലനത്തെക്കുറിച്ച് ഡോ. പി.ബി.ഗിരിദാസും നാട്ടാന പരിപാലന ചട്ടത്തെക്കുറിച്ച് സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രേംനാഥും ക്ലാസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത അരുതെന്ന സന്ദേശം തൃശൂർ എസ്.പി.സി.എ ഇൻസ്‌പെക്ടർ ഇ.അനിൽ നൽകി. പാപ്പാൻമാരെ ലഹരിയിൽ നിന്നും അകറ്റുന്നതിനായി 'ജീവിതമാണ് ലഹരി' എന്ന ക്ലാസ് വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ഷഫീക്ക് യൂസഫ് നയിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.എം. ഷിറാസ്, കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ. സുനിൽകുമാർ, ലൈവ് സ്‌റ്റോക്ക് മാനേജർ കെ.എൻ. കൃഷ്ണൻകുട്ടി, തൃശൂർ ഗ്രൂപ്പ് അസി. കമ്മിഷണർ എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |