
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ആക്രമണം. ലഖിസാരായിയിൽ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രവർത്തകർ ഉപമുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർത്ഥിയുമായ വിജയ് കുമാർ സിൻഹയുടെ കാർ വളഞ്ഞ് ചെരിപ്പെറിഞ്ഞു. സംഭവത്തിൽ ആർ.ജെ.ഡി, ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു.
അതിനിടെ സരൺ ജില്ലയിലെ മാഞ്ചി നിയമസഭാ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ സത്യേന്ദ്ര യാദവിന്റെ വാഹനവ്യൂഹം അജ്ഞാതർ ആക്രമിച്ചു. എം.എൽ.എയുടെ കാറിന്റ ജനൽ ചില്ലുകൾ തകർന്നെങ്കിലും ആർക്കും പരിക്കില്ല. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം,ഒന്നാം ഘട്ട വോട്ടെടുപ്പിന് 2020ലേതിനെക്കാൾ ഉത്സാഹം ജനങ്ങൾക്കിടയിലുണ്ടായി. നേതാക്കളെല്ലാം രാവിലെ വോട്ടു രേഖപ്പെടുത്തി. മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ പാർട്ടി നേതാവ് സഞ്ജയ് ഝായ്‌ക്കൊപ്പം ഭക്തിയാർപൂരിൽ വോട്ട് ചെയ്‌തു. മുൻ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി മേധാവിയുമായ ലാലു പ്രസാദ് യാദവ്,ഭാര്യ മുൻ മുഖ്യമന്ത്രി റാബ്രി ദേവി,മകൻ തേജസ്വി യാദവ് എന്നിവർ പാട്‌നയിലെ ബൂത്തിൽ ഒന്നിച്ചെത്തി. തേജസ്വിക്കും വേറെ പാർട്ടിയിൽ മത്സരിക്കുന്ന മൂത്ത മകൻ തേജ് പ്രതാപിനും റാബ്രി വിജയാശംസ നേർന്നു. കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ ചിരാഗ് പാസ്വാൻ ഖഗാരിയയിലും ബി.ജെ.പി എംപി രവിശങ്കർ പ്രസാദ് പട്നയിലും കോൺഗ്രസ് നേതാവ് കനയ്യ കുമാർ ബെഗുസരായിയിലും വോട്ടു രേഖപ്പെടുത്തി.
45,000ത്തിലധികം പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള തത്സമയ ഫീഡ് വഴി വോട്ടിംഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഡൽഹിയിലിരുന്ന് വീക്ഷിച്ചു. 121 സീറ്റുകളിൽ ഇന്നലെ ആകെ 1,314 സ്ഥാനാർത്ഥികൾ മത്സരിച്ചു. ആകെ 45,341 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്.
'ഭരണത്തിലെത്തിയാൽ
ബുൾഡോസർ കയറ്റും'
ലഖിസറായിയിൽ തന്റെ വാഹനവ്യൂഹത്തെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ പൊട്ടിത്തെറിച്ച് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. ബീഹാറിൽ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ അക്രമികളുടെ നെഞ്ചിൽ ഞങ്ങൾ ബുൾഡോസറുകൾ കയറ്റുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ തടഞ്ഞ അക്രമാസക്തരായ ജനക്കൂട്ടം ചെരുപ്പും കല്ലുകളും എറിയുകയും 'മുർദാബാദ്' മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നു.
സിറ്റിംഗ് മണ്ഡലമായ ലഖിസറായിയിൽ ബൂത്തു പിടിത്തം നടക്കുന്നുവെന്നറിഞ്ഞാണ് ഭൂമിഹാർ നേതാവും മൂന്ന് തവണ എം.എൽ.എയുമായ സിൻഹ എത്തിയത്. ചില ബൂത്തുകളിൽ ബൂത്ത് പിടിച്ചെടുക്കൽ നടന്നതായും അദ്ദേഹം ആരോപിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് പറഞ്ഞു. ബൂത്ത് പിടിച്ചെടുക്കൽ ആരോപണം പൊലീസ് തള്ളി. ആരോപണം ആർ.ജെ.ഡിയും നിഷേധിച്ചു. പൊലീസ് ഭീരുത്വം കാട്ടുകയാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. അർദ്ധ സൈനിക വിഭാഗത്തിന്റെ സഹായവും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |