
കോട്ടയം: അമേരിക്കയിൽടെക്സാസിലെ മിസ്സോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിൻ ഇലക്കാട്ട് തുടർച്ചയായ മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടു. 55.9 ശതമാനം വോട്ടുകൾ നേടിയാണ് വിജയം. എതിർ സ്ഥാനാർത്ഥി ജെഫ്രി ബോണിക്ക് 44.2 ശതമാനം വോട്ട് ലഭിച്ചു.
കുറുമുള്ളൂർ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകൻ റോബിൻ 2020ലാണ് ആദ്യമായി മിസ്സോറി സിറ്റി മേയറായത്. 2022ലും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഹാട്രിക് വിജയമായി.
റോബിൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുടുംബം യു.എസിലേക്ക് കുടിയേറിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ആരോഗ്യമേഖലയിൽ ജോലിചെയ്തു. 2009ലാണ് റോബിൻ ആദ്യമായി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വംശജനെന്ന നേട്ടവും സ്വന്തമാക്കി. 2011ലും 2013ലും കൗൺസിൽ അംഗമായിരുന്നു. 2015ൽ രാഷ്ട്രീയം ഉപേക്ഷിച്ച് ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചെങ്കിലും വീണ്ടും പൊതുരംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗമായ ടീനയാണ് ഭാര്യ. ലിയ, കേറ്റ്ലിൻ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |