മലപ്പുറം: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് മൂന്ന് മാസമായി സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. ഭക്ഷണ മെനു പരിഷ്ക്കരിച്ച ശേഷം ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള ഫണ്ടാണ് അനുവദിക്കാത്തത്. ജില്ലയിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ 5.85 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഒരുമാസം ശരാശരി പത്ത് കോടി രൂപ ജില്ലയിൽ ചിലവ് വരുന്നുണ്ട്. എൽ.പിയിൽ ഒരുകുട്ടിക്ക് 6.78 രൂപയും ഹൈസ്കൂളിൽ പത്ത് രൂപയും ഉച്ചഭക്ഷണത്തിനായി ലഭിക്കും. പുതിയ മെനുവിൽ വെജിറ്റബിൾ ബിരിയാണി, വെജ് ഫ്രെഡ് റൈസ് ഉൾപ്പെടെ ഇടംപിടിച്ചിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ 150 മില്ലിലിറ്റർ പാലും ഒരുമുട്ടയും കുട്ടികൾക്ക് നൽകണം. ഇതിന് പ്രത്യേകം തുക അനുവദിക്കുന്നുണ്ട്.
ഭക്ഷണച്ചെലവ് വർദ്ധിക്കുകയും ഫണ്ട് മുടങ്ങുകയും ചെയ്തതോടെ കടമായി വാങ്ങിയ പലചരക്കുകൾക്ക് പണം നൽകാനാവാതെ പ്രതിസന്ധിയിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ പ്രധാനാദ്ധ്യാപകർ. ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ ഇവർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്താണ് സാധനങ്ങൾ വാങ്ങുന്നത്. ഇത്തരത്തിൽ മൂന്ന് ലക്ഷം രൂപ വരെ ലഭിക്കാനുള്ള ഹെഡ് മാസ്റ്റർമാർ ജില്ലയിലുണ്ട്.
500 കുട്ടികളുള്ള ഒരുസ്‌കൂളിന് മാസം ഒരുക്ഷത്തോളം രൂപ ചെലവ് വരും. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മുട്ട എന്നിവ സ്കൂളിന് സമീപത്തെ പലചരക്ക് കടകളിൽ നിന്നാണ് വാങ്ങിക്കുന്നത്. പാൽ മിൽമ സൊസൈറ്റികളിൽ നിന്നും. സർക്കാർ ഫണ്ട് അനുവദിക്കുന്നത് അനുസരിച്ച് തുക കൈമാറിയാൽ മതിയെന്ന ധാരണ മിൽമയുമായിട്ട് ഉണ്ടെങ്കിലും പലചരക്ക് കടക്കാർക്ക് അതാത് മാസങ്ങളിൽ തന്നെ തുക നൽകണം. കൂടുതൽ തുക കുടിശ്ശികയാവുമ്പോൾ പലചരക്ക് സാധനങ്ങൾ നൽകാനാവില്ലെന്ന് അറിയിക്കുമ്പോൾ കടം വാങ്ങിയും മറ്റുമാണ് പ്രധാനാദ്ധ്യാപകർ തുക നൽകുന്നത്.
ഫണ്ട് അനുവദിച്ചെന്ന് സർക്കാർ
കേന്ദ്ര സർക്കാർ 60ഉം സംസ്ഥാന സർക്കാർ 40 ശതമാനവും തുക വിഹിതമായി വഹിച്ചാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള കാലതാമസമാണ് പദ്ധതിക്ക് തടസ്സമെന്ന വാദമാണ് സംസ്ഥാന സർക്കാരിന്. ഓരോ മൂന്ന് മാസം കൂടുമ്പോൾ സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന കണക്ക് അനുസരിച്ചാണ് കേന്ദ്ര വിഹിതം ലഭിക്കാറുള്ളത്. കുടിശ്ളിക തീർക്കാൻ തുക അനുവദിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുമ്പോഴും തുക സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |