
പേരാമംഗലം : റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ കമ്പനിയുടെ പരാതിയിൽ ഡിവൈഡർ തല്ലിത്തകർത്ത മുൻ എം.എൽ.എ അനിൽ അക്കരയ്‌ക്കെതിരെ പൊലീസ് കേസ്. 19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതൽ നശിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ നടന്ന നടപടിയെന്നുമാണ് പേരാമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നത്.
തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന യു ടേൺ അടച്ചുകെട്ടിയതിൽ പ്രതിഷേധിച്ചാണ് മുൻ എം.എൽ.എ അനിൽ അക്കര ഡിവൈഡർ തല്ലിത്തകർത്തത്. തൃശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യു ടേൺ എടുത്തുവരേണ്ട അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഡർ തകർത്തത്.
ഈ വിഷയത്തിൽ കളക്ടർക്ക് ഉൾപ്പെടെ അനിൽ അക്കര പരാതി നൽകിയിരുന്നു. പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക വാങ്ങി യുടേൺ അടച്ച ഭാഗത്തെ ഡിവൈഡർ തല്ലിത്തകർക്കുകയായിരുന്നു. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഡിവൈഡർ തകർത്തതെന്ന് അനിൽ അക്കര വ്യക്തമാക്കി. പിന്നീട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കരാർ കമ്പനിക്കാർ ഡിവൈഡർ പുന: സ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |