
കോന്നി : വനംവകുപ്പ് ഓപ്പറേറ്റ് ചെയ്തിരുന്ന കോന്നി - അടവി - ഗവി വിനോദ സഞ്ചാരയാത്ര നിലച്ചിട്ട് മാസങ്ങളായി. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നിന്ന് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം സന്ദർശിച്ച് ഗവിയിലേക്കുള്ള ടൂർ പാക്കേജ് ആരംഭിച്ചത് 2015 ൽ ആണ് . പിന്നീട് യാത്രാനിരക്ക് വർദ്ധിപ്പിക്കുകയും ഗവി സന്ദർശിച്ചശേഷം പരുന്തുംപാറയിലേക്ക് യാത്ര ദീർഘിപ്പിക്കുകയും ചെയ്തു. കോന്നി ഇക്കോ ടൂറിസം സെന്ററിൽ നിന്ന് രാവിലെ യാത്ര തിരിച്ച് അടവിയിലെത്തി കുട്ടവഞ്ചി സവാരിക്ക് ശേഷം തണ്ണിത്തോട്, ആങ്ങമൂഴി, മൂഴിയാർ വഴി ഗവിയിലും തുടർന്ന് പരുന്തുംപാറയിലും എത്തി മടങ്ങും വിധമാണ് യാത്ര ക്രമീകരിച്ചിരുന്നത്. 16 പേർക്കു സഞ്ചരിക്കാനാകുന്ന വാഹനത്തിൽ ഒരാൾക്ക് 2200 രൂപയാണ് യാത്രാനിരക്ക് ഈടാക്കിയിരുന്നത്.
രണ്ട് ട്രാവലറുകളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കുട്ടവഞ്ചി സവാരി എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. രാവിലെ കോന്നിയിൽ നിന്നാരംഭിച്ചു രാത്രി തിരികെ അവിടെയെത്തുന്ന 232 കിലോമീറ്റർ യാത്രയിൽ ആങ്ങമൂഴി മുതൽ വള്ളക്കടവ് വരെ തുടർച്ചയായി 80 കിലോമീറ്ററോളം വനമാണെന്നതും മൂഴിയാർ, കക്കി, ആനത്തോട് ഡാമുകൾ കാണാനാകുന്നതും പ്രത്യേകതയായിരുന്നു.
232 കിലോമീറ്റർ യാത്ര
ടിക്കറ്റ് നിരക്ക് : 2200 രൂപ
കാനനയാത്ര : 80 കിലോമീറ്റർ
ബസിൽ കയറി സഞ്ചാരികൾ
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്ര ബസുകൾ അടവി വഴി ഗവിയിലേക്ക് യാത്രയൊരുക്കുന്നുണ്ട്. വിവിധ ഡിപ്പോകളിൽ നിന്നായി ദിവസവും ഒട്ടേറെ ബസുകൾ അടവി വഴി ഗവിയിലേക്ക് പോകുന്നു. വിവിധ സമയങ്ങളിലായി നിരവധി ബസുകൾ എത്തിയതോടെ സഞ്ചാരികൾ വനംവകുപ്പിന്റെ ടൂർ പാക്കേജിനെ കൈയൊഴിഞ്ഞു.
വിനോദയാത്രയ്ക്ക് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ ഏറെക്കാലം വർക്ക് ഷോപ്പിലായതും ട്രിപ്പ് മുടങ്ങാൻ കാരണമായി.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കോന്നിയിൽ നിന്ന് കൊല്ലം ജില്ലയിലെ വനമേഖലയിലേക്ക് വിനോദയാത്രകൾ സംഘടിപ്പിക്കുവാനുള്ള ആലോചനയിലാണ്.
വനം വകുപ്പ് അധികൃതർ
വനം വകുപ്പിന്റെ കോന്നി - അടവി - ഗവി വിനോദസഞ്ചാര യാത്രകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണം.
രാജേഷ് പേരങ്ങാട്ട് (പൊതുപ്രവർത്തകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |