
ഉദിയൻകുളങ്ങര: കരമന-കളിയിക്കാവിള ദേശീയപാതയിലെ ഇരുവശങ്ങളിലുമുള്ള ഫുട്പാത്തുകൾ കാടുകയറിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ദേശീയപാതയിലെ ഉദിയൻകുളങ്ങരയ്ക്കും
കൊറ്റാമത്തിനും ഇടക്കുള്ള ഭാഗത്താണ് റോഡ് മുഴുവൻ കാടുകയറിയ നിലയിലുള്ളത്.
ഇരുഭാഗത്തും ഇറക്കമായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി പോകുന്നത്.
വളവുകളിൽ സിഗ്നൽ തെളിക്കുന്നതൊന്നും കാണാൻ കഴിയുന്നില്ല. കാടുകയറിയ പ്രദേശമായതിനാൽ അറവുമാലിന്യങ്ങൾ സ്ഥിരമായി നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നത്.
ദേശീയപാതയായ ഉദിയൻകുളങ്ങര ചെങ്കൽ, കൊല്ലയിൽ പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ ഭാഗത്ത് ഈ മഴക്കാല ശുചീകരണം പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്.
റോഡ് സൈഡുകൾ മുഴുവൻ കാടായി മാറിയതിനാൽ മാംസാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കൾ റോഡിലേക്ക് എടുത്തുചാടുന്നതും സ്കൂൾ വിദ്യാർത്ഥികളെ ആക്രമിക്കാൻ ഓടിക്കുന്നതും പതിവാണ്.
ദുർഗന്ധവും രോഗഭീതിയും
രണ്ട് ദിവസമായി പ്രദേശത്ത് മഴ കടുത്തതോടെ റോഡിന്റെ ഇരുസൈഡുമുള്ള മത്സ്യ, മാംസാവശിഷ്ടങ്ങളടക്കം ചീഞ്ഞഴുകുന്ന അവസ്ഥയിലാണ്. മലിനജലം ജനവാസ മേഖലയിലെ
കിണറുകളിലും ജലസംഭരണികളിലേക്കും ഒഴുകിയെത്തുന്നതിനാൽ പ്രദേശത്ത് വൻ ദുർഗന്ധവും രോഗഭീതിയിലുമാണ്.
ഇവിടുത്തെ മാലിന്യ നിക്ഷേപവും കുറ്റിക്കാടുകളും ഒഴിവാക്കി അപകട വിമുക്ത മേഖലയാക്കണമെന്ന്
നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടിരുന്നതാണ്. നിരവധി സ്കൂൾ കോളേജുകൾ സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്തേക്ക് പോകുന്നതിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത് ഈ പാതയാണ്.
തെരുവുനായ്ക്കളുടെ ശല്യവും
ഇരുഭാഗത്തുള്ള കുറ്റിക്കാടുകളിൽ നിന്ന് എടുത്തുചാടുന്ന തെരുവുനായ്ക്കൾ ബൈക്ക് യാത്രികരുടെ ജീവന് ഭീഷണിയായിട്ടുണ്ട്. പകൽ സമയത്തും കാൽനടക്കാർക്ക് തെരുവുനായ്ക്കളെ ഭയന്ന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
മാലിന്യനിക്ഷേപം രൂക്ഷം
നൂറുകണക്കിന് കുടുംബങ്ങളാണ് റോഡിന്റെ ഇരുഭാഗത്തുമായി താമസിക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ തെരുവ് വിളക്കുകളുടെ അഭാവത്തിൽ മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്.
രാത്രിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. ദേശീയ പാതയിലെ കാടുംപടർപ്പുകളും പഞ്ചായത്തുകളും ദേശീയപാത അതോറിട്ടിയും മുൻകൈയെടുത്ത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |