കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോട്ടയത്ത് മൂന്നൂ മുന്നണികളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. എൺപതു ശതമാനം പൂർത്തിയായെന്ന് ഇടതു മുന്നണി.70 ശതമാനമെന്ന് യു.ഡിഎഫ് 90 ശതമാനമെന്ന് ബിജെ.പി മുന്നണി . എന്നിങ്ങനെയാണ് നേതാക്കൾ പറയുന്നത്.
ഇടതു മുന്നണിയിൽ ജില്ലാ പഞ്ചായത്തിൽ ധാരണയായി. കേരളാകോൺഗ്രസ് എമ്മിനു നൽകിയ 10 സീറ്റിൽ ഒന്നു പൊതു സ്വതന്ത്രനായിരിക്കണമെന്ന സി.പി.എം നിർദ്ദേശത്തിന് വഴങ്ങിയതായാണറിയുന്നത്. ബ്ലോക്ക് ,നഗരസഭ, ഗ്രാമ പഞ്ചായത്തുകളിൽ കേരളാകോൺഗ്രസ് എമ്മുമായുള്ള ചർച്ചയിലെ വില പേശലിന് പൊതു സ്വതന്ത്ര ധാരണ പ്രയോജനപ്പെടുത്താനാണ് നീക്കം. യു.ഡി.എഫിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ, ഗ്രാമ പഞ്ചായത്തുകളിൽ ധാരണയായില്ല. കേരളാകോൺഗ്രസ് ജോസഫ് വിഭാഗവും മുസ്ലീം ലീഗുമായി തർക്കം നിലനിൽക്കുന്നതിനാൽ ചർച്ച തുടരുകയാണ്. എൻ.ഡി.എ മുന്നണിയിൽ ബി.ജെ.പിയും ബി.ഡി.ജെ.എസുമാണ് പ്രധാന ഘടകകക്ഷികൾ.സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ അവസാന ഘട്ടത്തിലാണ് .
സീറ്റിനായുള്ള സ്ഥാനാർത്ഥിമോഹികളുടെ ഇടിയാണ് ഘടകകക്ഷികളേക്കാൾ കോൺഗ്രസിന് വലിയ തലവേദന. വനിതാ സംവരണവും എസ്.സി ,എസ്.ടി വനിതാ സംവരണവും ചേർന്ന് 60 ശതമാനത്തോളം സീറ്റുകൾ വനിതകൾക്കു സംവരണം ചെയ്തതിനാൽ വിരലിലെണ്ണാവുന്ന സീറ്റുകളേ ജനറലായുള്ളൂ. ഒരു വാർഡിലേക്ക് അരഡസൻ സീറ്റുമോഹികളാണ് ഇടിക്കുന്നത്. സീറ്റില്ലാത്ത സിറ്റിംഗ് അംഗങ്ങൾ പകരം ഭാര്യക്കു സീറ്റിനായി സമ്മർദ്ദതന്ത്രം പയറ്റുകയാണ്. ജനറൽ സീറ്റിൽ മത്സരിക്കാൻ ചില വനിതാകൗൺസിലർമാർ നടത്തുന്ന നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരെയും പിണക്കാതെ അവസാന നിമിഷം വരെ സീറ്റുണ്ടെന്നു പറഞ്ഞുള്ള കളികൾ നേതാക്കൾ നടത്തുന്നതിനാൽ സീറ്റ് കിട്ടാതെ വരുന്നവർ റിബലായി നിൽക്കാനുള്ള സാദ്ധ്യത ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |