
മുംബയ്: പൊതുമേഖലാ ബാങ്കിൽ തട്ടിപ്പ് നടത്തിയ വീട്ടമ്മയ്‌ക്ക് ഒരു കോടി രൂപ പിഴയും മൂന്നു വർഷം തടവും ശിക്ഷ വിധിച്ച് മുംബയ് സിബിഐ കോടതി. അനിതാ മത്യാസ് എന്ന 53 കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തട്ടിപ്പിന് കൂട്ട് നിന്ന റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ കെ സിദ്ദാർ ജഗന്നാഥ് റെഡിക്ക് 50000 രൂപ പിഴയും ഒരു വർഷം തടവും വിധിച്ചിട്ടുണ്ട്.
2008 ലാണ് റോഷൻ ഇലക്‌ട്രിക്കൽസ് എന്ന സ്ഥാപനം വിജയാ ബാങ്കിൽ നിന്ന് 26 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടന്ന സമയത്ത് സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന അനിതാ മത്യാസാണ് കേസിലെ പ്രധാന പ്രതി. ബാങ്ക് വായ്‌പയിൽ ക്രമക്കേട് നടന്നതായി സെൻട്രൽ വിജിലൻസ് കമ്മിറ്റിയിൽ നിന്നും സിബിഐക്ക് അജ്ഞാത പരാതി ലഭിച്ചിരുന്നു. ഈ പരാതി വിജയ ബാങ്കിന് കൈമാറിയതിന് ശേഷമാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. റോഷൻ ഇലക്‌ട്രിക്കൽസ് എന്ന സ്ഥാപനം ബാങ്കിനെ തെറ്റിധരിപ്പിച്ചും വസ്‌തുതകൾ മറച്ചുവച്ചുമാണ് സാമ്പത്തിക ക്രമക്കേട് നടത്തിയതെന്ന് സിബിഐ കണ്ടെത്തി.
അനിത മത്യാസ് കമ്പനിയുടെ മാനേജ്‌മെന്റിൽ സജീവമായി ഇടപെട്ടിരുന്നെന്നും വായ്പാ പ്രക്രിയയിൽ പങ്കാളിയായിരുന്നെന്നും സിബിഐ കണ്ടെത്തി. പ്രതി ഒരു സ്‌ത്രീയാണെന്ന് കണക്കിലെടുത്ത് തട്ടിപ്പ് നടത്തിയ തുകയിൽ നിന്ന് വ്യക്‌തിപരമായ നേടിയ ലാഭത്തുകയും മൂന്നു വർഷം തടവും ശിക്ഷ വിധിക്കുന്നു എന്ന് ജഡ്‌ജി എവി ഖാർക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |