
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ വോട്ടർമാരുടെ പൾസറിയാനൊരു തനിനാടൻ സോഫ്റ്റ്‌വെയർ. ഭരണത്തുടർച്ചയിൽ ജനം തൃപ്തരാണോയെന്ന് സർക്കാരിനും എന്തു കൊടുത്താൽ വോട്ട് പിടിക്കാമെന്ന് പ്രതിപക്ഷത്തിനും മനസിലാക്കാം. പട്ടം ആസ്ഥാനമായ അനിമൽ ഐ എന്ന സ്റ്റാർട്ടപ്പാണ് നിർമ്മിതബുദ്ധി ഉപയോഗിച്ച് 'പൾസ് ഓഫ് പീപ്പിൾ"എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിൽ തിരഞ്ഞെടുപ്പ് പോസ്റ്റുകൾക്ക് താഴെയുള്ള
വോട്ടർമാരുടെ 'ലൈക്കും കമന്റും" ഉൾപ്പെടെയുള്ളവ കണക്കിലെടുത്താണ് സോഫ്റ്റ്‌വെയർ ആവിഷ്കരിച്ചത്. പ്രവർത്തനം ഇങ്ങനെ: 'സ്ഥാനാർത്ഥി വീടുകൾതോറും വോട്ടുതേടുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ സോഫ്റ്റ്‌വെയറിൽ റെക്കാഡോ ടൈപ്പോ ചെയ്യാം. ഇതിനായി ഫീൽഡ് വർക്കർ എന്ന സംവിധാനമുണ്ട്. ഇത്തരത്തിൽ എല്ലാ വോട്ടർമാരിൽ നിന്ന് പ്രതികരണങ്ങൾ ക്രോഡീകരിക്കാം. വോട്ടർമാരുടെ വാക്കുകളിലെ വികാരങ്ങളെ അക്കങ്ങളുടെയും ശതമാനക്കണക്കുകളുടെയും രൂപത്തിൽ നിർമ്മിതബുദ്ധി അവതരിപ്പിക്കും. ഏത് പ്രഖ്യാപനത്തിന് മുൻതൂക്കം നൽകിയാൽ ജനസമ്മതനാകുമെന്ന് ഇതുവഴി തിരിച്ചറിയാം. തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ, കുടിവെള്ളക്ഷാമം എന്നിങ്ങനെ ഏത് വിഷയത്തിന് ഊന്നൽ നൽകണമെന്ന് മനസിലാക്കാം.
കേരളത്തിന്റെ പൾസ്
മലയാളത്തിലടക്കം വിവരങ്ങൾ ശേഖരിക്കാം. സമൂഹമാദ്ധ്യമത്തിൽ ഏത് സ്ഥാനാർത്ഥിക്കാണ് കൂടുതൽ പിന്തുണയെന്ന് കണ്ടെത്തി വിജയസാദ്ധ്യത പ്രവചിക്കാം. ഭാവിയിൽ ജനങ്ങൾക്ക് ഓപ്പൺ സോഫ്റ്റ്‌വെയർ വഴി തങ്ങളുടെ അഭിപ്രായം നേരിട്ടറിയിക്കാനുള്ള സംവിധാനമൊരുക്കും. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലം സോഫ്റ്റ്‌വെയറിലെ മലയാളം നാച്വറൽ ലാംഗ്വേജ് പ്രൊസസിംഗ് മോഡലിനറിയാം. പൊളിറ്റിക്കൽ സ്ട്രാറ്റർജിസ്റ്റും കമ്പനി സി.ഇ.ഒയുമായ ശ്രീരാജ് നായർ, എ.ഐ ഡയറക്ടർ ഡോ.ഐശ്വര്യ താരാ ഭായ്, ക്രിയേറ്റീവ് ഡയറക്ടർ കാവ്യ ലക്ഷ്മി, സി.എം.ഒ രവിശങ്കർ മലപ്പാട്ട്, എ.ഐ കൺസൾട്ടന്റ് ബിജി തരകൻ, ടെക്നോളജി ആർക്കിടെക്ട് ഡോ.ബി.കെ.മുരളി എന്നിവരാണ് സ്റ്റാർട്ടപ്പിന് പിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |