
ഇസ്ലാമാബാദ്: 12 പേർ കൊല്ലപ്പെട്ട ഇസ്ലാമാബാദിലെ കോടതി പരിസരത്തുണ്ടായ സ്ഫോടനത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സംഭവത്തിൽ പാക് താലിബാൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യയെ കുറ്റപ്പെടുത്തി ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്.
'ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഭീകരവാദികളാണ് ഇസ്ലാമാബാദിൽ സ്ഫോടനം നടത്തിയത്. പാക്–അഫ്ഗാൻ അതിർത്തിയിലെ വാനയിൽ കേഡറ്റ് പരിശീലന കേന്ദ്രത്തിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ട്. ഇന്ത്യയുടെ ഇത്തരം നീചമായ ഗൂഢാലോചനകളെ ലോകം അപലപിക്കേണ്ട സമയമാണ്' പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ഇന്ന് ഉച്ചയോടെയായിരുന്നു സ്ഫോടനം. നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ നഗരത്തിലെ പിംസ് (പിഐഎംഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കാർ പൂർണമായി കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജി-11 മേഖലയിലാണ് സ്ഫോടനം നടന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് വിവരം.
അതേസമയം ഇന്ത്യയിൽ നടന്ന സ്‌ഫോടനത്തിന് ചാവേര്‍ ആക്രമണത്തിന്റെ സ്വഭാവമില്ലെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതിനിടെയുണ്ടായ പരിഭ്രമമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നും അന്വേഷണ വൃത്തങ്ങള്‍ അനുമാനിക്കുന്നുണ്ട്. എന്നാൽ സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |