
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ ഉന്നതനായിരുന്ന എൻ. വാസുവിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്നു വാസു. കേസിൽ അടുത്ത പ്രധാന പ്രതി എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡാണ്. വാസുവിന്റേതും പത്മകുമാറിന്റേതും ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നിയമനമായിരുന്നു.
സി. പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എം.എൽ.എയുമാണ് പത്മകുമാർ. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയാണ് ദേവസ്വം ബോർഡ്. വാസുവിന്റെയും മുൻ തിരുവാഭാരണം കമ്മിഷണർ ബൈജുവിന്റെയും മൊഴിയിൽ പത്മകുമാറിനെതിരായ നിർണായക വിവരങ്ങളുണ്ടെന്നാണ് അറിയുന്നത്.
കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള കർശന നിരീക്ഷണത്തിലായതാണ് ഇവർ പ്രതികളാകാൻ കാരണം. ഇതുവരെ അറസ്റ്റിലായ ബോർഡ് മുൻ പ്രസിഡന്റും ജീവനക്കാരുമെല്ലാം സി.പി.എമ്മുകാരാണ്. സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവെ അറസ്റ്റുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കും. പത്മകുമാറിനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്ക് നീങ്ങുകയും ചെയ്താൽ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടാക്കും. ഇതിന്റെ പ്രതിഫലനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കും. അറസ്റ്റിലായ പ്രതികളുടെ മൊഴികൾ എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ പര്യാപ്തമാണ്. എന്നാൽ കേസിൽ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നത് സർക്കാരിന് പിടിവള്ളിയാണ്.
2019ൽ സ്വർണക്കവർച്ച നടന്നപ്പോൾ എ. പത്മകുമാറായിരുന്നു പ്രസിഡന്റ്. തുടർന്ന് വാസു പ്രസിഡന്റായതും സി.പി.എം നോമിനിയായാണ്. സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും 2006ലെ എൽ.ഡി.എഫ് സർക്കാരിൽ മന്ത്രി പി.കെ ഗുരുദാസന്റെ പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു വാസു. തുടർന്ന് രണ്ടു തവണ ദേവസ്വം കമ്മിഷണറായി . കമ്മിഷണർ പദവി ഒഴിഞ്ഞ് ഏഴുമാസത്തിനുള്ളിൽ ദേവസ്വം പ്രസിഡന്റായി.
ആരേയും സംരക്ഷിക്കില്ല:
ഗോവിന്ദൻ
ശബരിമല സ്വർണക്കൊള്ള കേസിൽ ആരേയും സംരക്ഷിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഒരാൾക്കു വേണ്ടിയും അര വർത്തമാനം പോലും പറയില്ല. എല്ലാ വിഷയങ്ങളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുമെന്ന് കേരള പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ എൻ. വാസു അറസ്റ്റിലായതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |