
പാലക്കാട്: ഏറെ നാളെത്തെ കാത്തിരിപ്പിനും കർഷകരുടെയും പാടശേഖരസമിതികളുടെയും പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ പാലക്കാട് ജില്ലയിൽ ആരംഭിച്ച നെല്ല് സംഭരണം പുരോഗമിക്കുന്നു. പാലക്കാട് ജില്ലയിൽ, സപ്ലൈകോ മില്ലുകൾക്ക് അനുവദിച്ച 294 പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച മാത്രം 168 പാടശേഖരങ്ങളിൽ നിന്ന് നെല്ലെടുത്തു. നെല്ല് സംഭരിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാൻ സഹകരണ സംഘങ്ങൾ രംഗത്തെത്തിയതോടെയാണ് കൂടുതൽ മില്ലുകൾ നെല്ലെടുക്കാൻ തയ്യാറായത്. ആലത്തൂർ, പാലക്കാട് താലൂക്കുകളിൽ 98 കർഷകരിൽനിന്ന് 103.62 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. 31.21 ലക്ഷം രൂപയുടെ നെല്ലാണ് എടുത്തത്. ഇതിൽ, 1.83 ലക്ഷം രൂപ ഇതിനകം കർഷകരുടെ കൈകളിലെത്തി. ശേഷിക്കുന്ന 29.37 ലക്ഷം രൂപ രണ്ട് ബാങ്കുകളിലുണ്ട്. 30 രൂപ സംഭരണ വിലയിലാണ് സപ്ലൈകോ കർഷകരിൽനിന്ന് നെല്ലെടുക്കുന്നത്. അഞ്ച് മില്ലുകളാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. ഇവയ്ക്ക് പ്രതിദിനം 662.23 മെട്രിക് ടൺ നെല്ല് സംഭരിക്കാനുള്ള ശേഷിയുണ്ട്. 7,179 ഹെക്ടർ പാടശേഖരങ്ങളിൽ നിന്നായി 49,119.33 മെട്രിക് ടൺ നെല്ലളന്നാണ് മില്ലുകൾക്ക് അനുവദിച്ചത്. മില്ലുകാർ പാടശേഖരങ്ങളിലെത്തിയാണ് നെല്ല് സംഭരണം.
മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് നെല്ല് സംഭരിക്കാൻ തയ്യാറായത് 74 സഹകരണ സംഘങ്ങളാണ്. പാലക്കാട് ഒന്നാംവിള കൊയ്ത്ത് കഴിയാറായിട്ടും നെല്ല് സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അനിശ്ചിതത്വം തുടർന്ന സാഹചര്യത്തിൽ ഒട്ടേറെ കർഷകർ തുച്ഛമായ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് നൽകിയിരുന്നു. തുടർന്ന് നെല്ല് സംഭരണത്തിന് സഹകരണ മേഖലയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞ ശനിയാഴ്ച മന്ത്രിതലയോഗം ചേർന്നിരുന്നു. അന്നുതന്നെ 31 സംഘങ്ങൾ നെല്ല് സംഭരിക്കാൻ തയ്യാറായി. പിന്നാലെ, 43 സംഘങ്ങൾ കൂടി രംഗത്തെത്തി. മില്ലുകൾ അനുവദിക്കാതെ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടകുന്നുണ്ടെങ്കിൽ സഹകരണസംഘം വഴി സംഭരിക്കാൻ തീരുമാനമായി. സപ്ലൈകോയും സഹകരണസംഘ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |