കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി തദ്ദേശ തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് കാണുമ്പോൾ 10 വർഷത്തെ കേരള ഭരണത്തിന്റെ പ്രതിഫലനമാവുമെന്ന് എൽ.ഡി.എഫ്. അഴിമതിയും ദുർഭരണവും കഴിഞ്ഞാൽ മോദിയുടെ വികസനം മാത്രമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും. ജില്ലയുടെ തിരഞ്ഞെടുപ്പ് കളത്തിൽ നേട്ടങ്ങളും കോട്ടങ്ങളും ചർച്ചയാക്കുമ്പോഴും കരുതലോടെയാണ് മുന്നണികൾ. കോൺഗ്രസ് ആദ്യവും പിന്നാലെ ബിജെ.പിയും കോർപ്പറേഷനിലെ ആദ്യഘട്ട പത്രിക പുറത്ത് വിട്ടപ്പോൾ ഇന്ന് അറിയാം എൽ.ഡി.എഫിനെ എന്നാണ് ഇടത് വിലയിരുത്തൽ. ഇന്ന് വൈകിട്ട് നാലിനാണ് ജില്ലയിലെ ആദ്യ സ്ഥാനാർത്ഥി പട്ടിക എൽ.ഡി.എഫ് പുറത്തുവിടുന്നത്.
നാല് മുനിസിപ്പാലിറ്റി ഭരണമൊഴിച്ചാൽ കോഴിക്കോട്ട് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിപക്ഷം പഞ്ചായത്തുകളും എൽ.ഡി.എഫ് പക്ഷത്താണ്. കെ.പി.സി.സി പ്രസിഡന്റിന്റെ സെമിഫൈനൽ പ്രഖ്യാപനം യാഥാർത്ഥ്യമാക്കണമെങ്കിൽ പഞ്ചായത്തുകളും നഗരസഭകളും ജില്ലാപഞ്ചായത്തും കോർപറേഷനുമെല്ലാം ഉണരണം. യു.ഡി.എഫിനെപോലെ പ്രധാനമാണ് എൽ.ഡി.എഫിനും കോഴിക്കോട്. യു.ഡി.എഫിന് പിടിച്ചെടുക്കാനാണെങ്കിൽ എൽ.ഡി.എഫിന് എല്ലാം നിലനിർത്തണം. കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത്, ബ്ലോക്പഞ്ചായത്തുകൾ.....ഈ പോരാട്ടത്തിൽ വിജയിച്ചാലെ ഫൈനലിൽ ആവേശ പൂർവം ഇറങ്ങാനാവൂ.
ബി.ജെ.പിക്കാണെങ്കിൽ കോഴിക്കോട് കോർപ്പറേഷനിലാണ് കൂടുതൽ പ്രതീക്ഷ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനും വടകര, കൊയിലാണ്ടി, മുക്കം നഗരസഭകളും ജില്ലാ പഞ്ചായത്തും 10 ബ്ലോക്ക് പഞ്ചായത്തുകളും 42 ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫാണ് പിടിച്ചത്. ഇതിന്റെ തനിയാവർത്തനമായിരുന്നു 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സംഭവിച്ചത്. 13 നിയമസഭ മണ്ഡലങ്ങളിൽ കൊടുവള്ളിയും വടകരയും മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്.
നേട്ടം നിലനിർത്താൻ ഇടതുനീക്കം
മൂന്ന് പതിറ്റാണ്ടായി തുടരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും കോർപ്പറേഷനിലെ അജയ്യ മേധാവിത്വവും തുടരേണ്ടത് എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതുകൊണ്ട് സീറ്റ് വിഭജനത്തിൽ പരമാവധി സഖ്യകക്ഷികളെ ചേർത്തുപിടിച്ച് കരുതലോടെയാണ് സി.പി.എം മുന്നോട്ട് പോകുന്നത്. പിണറായി വിജയൻ സർക്കാരിന്റെ 10 വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിപിടിച്ചാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്. ദേശീയപാതയുടെ നിർമ്മാണവും ക്ഷേമപെൻഷനുമെല്ലാം തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയമാക്കും.
''കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഭൂരിപക്ഷത്തോടെ നിലനിർത്തും. ബ്ലോക്ക് പഞ്ചായത്തുകൾ നിലനിർത്തുകയും മൂന്ന് നഗരസഭകളുടെ കൂടെ കൊടുവള്ളി, ഫറോക്ക് നഗരസഭകളുടെ ഭരണം പിടിക്കും. 75 ശതമാനം ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിക്കും'' മുക്കം മുഹമ്മദ്, എൽ.ഡി.എഫ് കൺവീനർ
പിടിച്ചെടുക്കാൻ യു.ഡി.എഫ്
നിയമസഭയിൽ അധികാരത്തിൽ വരണമെങ്കിൽ കോഴിക്കോട് ജില്ലയിൽ മോശമല്ലാത്ത നമ്പർ സീറ്റുകളിൽ വിജയിക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം. അതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്ക് കോർപ്പറേഷന്റെ ചുമതല കൊടുത്തത്. എൽ.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. തദ്ദേശ സ്ഥാപനങ്ങളുടെ പരാജയവും ചർച്ചയാക്കാൻ യു.ഡി.എഫ് ശ്രമിക്കും.
''ജില്ലാ പഞ്ചായത്തും കോർപ്പറേഷനും പിടിക്കും. ബ്ലോക്കിൽ പകുതിയിലേറെ സീറ്റുകൾ നേടും. വടകര നഗരസഭയിലും ഭരണം വരും. 60 ശതമാനം പഞ്ചായത്തുകളിലും അധികാരം നേടും'' അഹമ്മദ് പുന്നക്കൽ, യു.ഡി.എഫ് ജില്ലാ കൺവീനർ
മാറാത്തത് മാറ്റാൻ
എൻ.ഡി.എ
കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം പൂർണമായും ജനങ്ങൾക്ക് ലഭിക്കണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൻ.ഡി.എയുടെ ഭരണം വരണമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. സംസ്ഥാന സർക്കാരിന്റെ പരാജയവും പ്രതിപക്ഷമായ യു.ഡി.എഫിന്റെ വീഴ്ചയും എൻ.ഡി.എ പ്രചാരണ വിഷയമാക്കുന്നുണ്ട്.
''ജില്ലയിൽ നിലവിലുള്ളതിനേക്കാളും നാലിരട്ടി സീറ്റുകൾ എൻ.ഡി.എ നേടും. കോർപ്പറേഷനിൽ നിർണായക ശക്തിയാവും. നഗരസഭകളിൽ വലിയ മുന്നേറ്റമുണ്ടാക്കും. അരഡസനിലേറെ പഞ്ചായത്തുകളിൽ എൻ.ഡി.എ ഭരണത്തിൽ വരും'' സി.ആർ പ്രഫുൽ കൃഷ്ണ, ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
കോഴിക്കോട്: ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ വൈകിട്ട് നാലിനാണ് പ്രഖ്യാപനം. മേയർ സ്ഥാനാർത്ഥിയായി സി.പി മുസാഫർ അഹമ്മദ് മീഞ്ചന്തയിൽ മത്സരിക്കും. ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയായി ഡോ.എസ്. ജയശ്രീയെ തീരുമാനിച്ചെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച കോട്ടൂളിയിൽ ഇത്തവണയും ജനവിധി തേടുമെന്നാണ് വിവരം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ്കുമാറിന്റെ മകൾ അമിത എടക്കാട് ഡിവിഷനിലും മുൻമേയർ ടി.പി ദാസന്റെ മകൾ മിലി തിരുത്യാട് ഡിവിഷനിലും മത്സരിക്കും. ചെട്ടികുളം ഡിവിഷനിൽ സി.പി.എം നേതാവ് സുനിലാണ് സ്ഥാനാർത്ഥി. കുണ്ടൂപറമ്പിൽ സി.എസ് ഷിംജിത്ത്, കരുവിശേരി എം.എം ലത, എരഞ്ഞിപ്പാലത്ത് ബിജുരാജ്, വെസ്റ്റ്ഹിൽ ഷിജു, നടുവട്ടത്ത് കൃഷ്ണകുമാരി, ചക്കോരത്ത്കുളം ടി.സുജൻ എന്നിവരെയും മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം.76 വാർഡുകളുള്ള കോർപ്പറേഷനിൽ 61 സീറ്റിൽ സി.പി.എം മത്സരിക്കും. ശേഷിക്കുന്ന അഞ്ച് സീറ്റ് വീതം സി.പി.ഐയ്ക്കും ആർ.ജെ.ഡിയ്ക്കും മൂന്ന് സീറ്റ് എൻ.സി.പിയ്ക്കും ഓരോ സീറ്റ് ഇന്ത്യൻ നാഷണൽ ലീഗിനും നാഷണൽ ലീഗിനും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |